ജയ്പൂർ (രാജസ്ഥാൻ): ജയ്പൂർ-അജ്മീർ ഹൈവേയിൽ ഗ്യാസ് ടാങ്കറിൽ ട്രക്ക് ഇടിച്ചതിനെ തുടർന്ന് വൻ തീപിടിത്തവും പൊട്ടിത്തെറിയും. ദുരന്തത്തിൽ ടാങ്കറിനു പിറകിൽ വരികയായിരുന്ന ബസിന് തീപിടിച്ചതിനെ തുടർന്ന് എട്ടു യാത്രക്കാർ വെന്തു മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ദുരന്തം.
ഉദയ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വരികയായിരുന്നു സ്ലീപ്പർ ബസ്. തീപിടിത്തത്തിൽ 35 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലർ ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഗ്യാസ് ടാങ്കർ അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പുലർച്ചെ 5.44 ഓടെ ട്രക്ക് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു, അൽപ്പസമയത്തിനകം പ്രദേശമാകെ തീഗോളമായി. 30 ഓളം വാഹനങ്ങൾക്ക് തീപിടിച്ചു.
ബസിൽ 34 യാത്രക്കാർ ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബസ് ഉദയ്പൂരിൽ നിന്ന് പുറപ്പെട്ടത്. 42 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എട്ട് പേർ മരിച്ചതായും ജയ്പൂർ എസ്.എം.എസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീൽ ഭാട്ടി പറഞ്ഞു. പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 60 ശതമാനത്തിലധികം പൊള്ളലേറ്റ 10 മുതൽ 12 വരെ രോഗികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.