മോദിക്കെതിരെ ആഞ്ഞടിച്ച് കെജ്രിവാൾ; പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ തകര്‍ക്കാന്‍ സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 13 വര്‍ഷം ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായിരുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സാമ്പത്തിക ക്രമക്കേടുകളില്‍ നിരപരാധിയാണെങ്കില്‍ ഇക്കാര്യം അന്വേഷണ കമീഷനു മുമ്പാകെ തെളിയിക്കണമെന്നും നിയമസഭയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഗുജറാത്ത് മാതൃകയില്‍ പ്രതിപക്ഷത്തെ വിലക്കെടുക്കുകയോ തകര്‍ക്കുകയോ ചെയ്യുക എന്നതാണ് മോദിയുടെ ലക്ഷ്യം. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇപ്പോള്‍ റെയ്ഡ് ചെയ്യപ്പെട്ടതെങ്കില്‍ നാളെ അസം, ബംഗാള്‍ എന്നിവിടങ്ങളിലും ഇതു നടന്നേക്കും.
സി.ബി.ഐ സ്വതന്ത്രമായിരിക്കണം എന്നുതന്നെയാണ് താന്‍ ഇപ്പോഴും വാദിക്കുന്നത്. അങ്ങനെയെങ്കില്‍ അവര്‍ കുംഭകോണ ആരോപണം നേരിടുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍െറയും ഓഫിസുകളില്‍ റെയ്ഡ് നടത്തിയേനെ. തന്‍െറ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എട്ടു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ട് എന്തു ലഭിച്ചുവെന്ന് മോദി വ്യക്തമാക്കണം.
മന്ത്രിമാരെ നിരത്തി ജെയ്റ്റ്ലി നിരപരാധിയാണെന്നു പറയുകയാണ് ബി.ജെ.പി. നാളെ എ. രാജയും ഇതുതന്നെ ചെയ്തേക്കും. തന്‍െറ ഓഫിസില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത് ജെയ്റ്റ്ലിയെ രക്ഷിക്കുക എന്ന ലക്ഷ്യംവെച്ചു മാത്രമാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
അന്വേഷണ കമീഷനെ നിയോഗിക്കാന്‍ ഡല്‍ഹി സര്‍ക്കാറിന് അധികാരമില്ളെന്ന വാദത്തെയും കെജ്രിവാള്‍ തള്ളി.
ഡല്‍ഹിയിലെ വെള്ളവും വെളിച്ചവും ഉപയോഗിച്ചും സ്റ്റേഡിയം നിര്‍മാണത്തിലും അസോസിയേഷന്‍ വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ഇടപെടാനും ചോദ്യംചെയ്യാനും സഭക്ക് അധികാരമുണ്ട്. അതിനിടെ, സി.ബി.ഐ റെയ്ഡിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ പദപ്രയോഗങ്ങള്‍ നടത്തിയെന്നാരോപിച്ച് കെജ്രിവാളിനെതിരെ പുതിയ ഹരജി കൂടി സമര്‍പ്പിക്കപ്പെട്ടു. ബി.ജെ.പി അനുഭാവിയായ അഭിഭാഷകന്‍ നല്‍കിയ ഹരജി ജനുവരി നാലിന് പരിഗണിക്കും.

കെജ്രിവാളിന് നോട്ടീസ്
ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണത്തിന്‍െറ പേരില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മറ്റു ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ഡല്‍ഹി ഹൈകോടതി നോട്ടീസ് അയച്ചു. കെജ്രിവാളിന് പുറമെ കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീപിക ബാജ്പേയി എന്നിവര്‍ക്കാണ് ഹൈകോടതി നോട്ടീസ് അയച്ചത്. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയ്റ്റ്ലി സമര്‍പ്പിച്ച മാനനഷ്ട ഹരജിക്ക് മൂന്നാഴ്ചക്കകം മറുപടി നല്‍കാന്‍ ഹൈകോടതി ആം ആദ്മി പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. ജെയ്റ്റ്ലിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ യഥാര്‍ഥ രേഖകള്‍ ഒരാഴ്ചക്കകം സമര്‍പ്പിക്കണം. കേസ് അടുത്ത വര്‍ഷം ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കും. അശുതോഷ്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീപിക ബാജ്പേയി എന്നിവര്‍ കോടതിയില്‍ ഹാജരായെങ്കിലും കെജ്രിവാളും കുമാര്‍ വിശ്വാസും എത്തിയിരുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.