ഐ.എസ്.ഐക്ക് വിവരങ്ങള്‍ ചോര്‍ത്തിയ മലയാളി അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ നിര്‍ണായക രഹസ്യങ്ങള്‍ പാക് ചാരസംഘടനക്ക് ചോര്‍ത്തിനല്‍കിയ കേസില്‍ മലയാളി സൈനികന്‍ അറസ്റ്റില്‍. വ്യോമസേനയുടെ വിവരങ്ങള്‍ ഐ.എസ്.ഐക്ക് കൈമാറിയ പഞ്ചാബ് ഭട്ടിന്‍ഡ വ്യോമനിലയത്തിലെ ലീഡിങ് എയര്‍മാന്‍ മലപ്പുറം സ്വദേശി കെ.കെ. രഞ്ജിത്തിനെയാണ് ഡല്‍ഹി പൊലീസിന്‍െറ ക്രൈംബ്രാഞ്ച് വിഭാഗം പിടികൂടിയത്. കുറ്റം ചെയ്തതായി സൈനിക കോടതിയുടെ വിചാരണയില്‍ (കോര്‍ട്ട് മാര്‍ഷല്‍)  ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ ഇയാളെ സേനയില്‍നിന്ന് പുറത്താക്കി. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

ഫേസ്ബുക് വഴി പരിചയപ്പെട്ട യുവതിക്ക് വ്യോമസേനയുടെ നിര്‍ണായക വിവരങ്ങള്‍ ഇ-മെയിലും മെസേജും വഴി കൈമാറിയെന്നാണ് ആരോപണം. സംശയത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്‍െറ ക്രൈംബ്രാഞ്ച് വിഭാഗവും മിലിട്ടറി ഇന്‍റലിജന്‍സും ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. 2010ലാണ് രഞ്ജിത് എയര്‍ഫോഴ്സില്‍ ചേര്‍ന്നത്. ലണ്ടനിലെ മാധ്യമപ്രവര്‍ത്തക എന്നു പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയയിലൂടെ സമീപിച്ച യുവതിയാണ് ഇയാളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ദാമിനി മക്നോട്ട് എന്നായിരുന്നു ഇവരുടെ ഫേസ്ബുക്കിലെ പേര്. വിവരങ്ങള്‍ തന്‍െറ മാസികയില്‍ പ്രസിദ്ധീകരിക്കാനാണെന്നാണ് യുവതി ഇയാളെ അറിയിച്ചിരുന്നത്. 

വിവരത്തിനു പകരം പണം നല്‍കാമെന്ന് പ്രലോഭനവും നല്‍കി. പോര്‍വിമാനങ്ങളുടെ വിവരങ്ങള്‍, വിന്യാസ രേഖകള്‍ തുടങ്ങിയവ അയച്ചുകൊടുത്തതിനു പകരം രഞ്ജിത്തിന്‍െറ അക്കൗണ്ടില്‍ പണമത്തെിയതായി പൊലീസ് ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.