ബിഹാറില്‍ ബി.ജെ.പിയുടെ പശു പരസ്യം വിവാദത്തില്‍

ന്യൂഡല്‍ഹി: ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുതലേന്ന് ബി.ജെ.പി നല്‍കിയ ‘പശുവും സ്ത്രീ’യും പത്രപരസ്യം വിവാദമായി. ബീഫ് വിഷയത്തില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിക്കാത്തതെന്താണെന്ന് ചോദിക്കുന്നതാണ് പരസ്യം. ഒരു സ്ത്രീ പശുവിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രത്തോടൊപ്പം  ചോദ്യങ്ങളും ഉള്‍പ്പെടുന്ന പരസ്യമാണ് പ്രമുഖ പത്രങ്ങളില്‍ വന്നത്.  പരാതികളെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചു. വോട്ടെടുപ്പു ദിവസത്തെ പത്രപരസ്യങ്ങള്‍ക്കും കമീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ലാലുവും മറ്റും പശുവിനെ പലവട്ടം അപമാനിക്കുന്ന വിധം ‘ബീഫ്’ പ്രസ്താവന നടത്തിയപ്പോള്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഒന്നുകില്‍ വോട്ടുബാങ്ക് രാഷ്ട്രീയം നിര്‍ത്തണം, അല്ളെങ്കില്‍ ഈ പ്രസ്താവനകളെ പിന്തുണക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് പരസ്യത്തില്‍ ആവശ്യപ്പെടുന്നു.   ബീഫ് കഴിക്കുന്നവര്‍ കഴിക്കും, ഹിന്ദുക്കളില്‍ ബീഫ് കഴിക്കുന്നവരില്ളേ എന്ന ലാലുവിന്‍െറ ചോദ്യമാണ് ഒന്ന്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും  ആര്‍.ജെ.ഡിക്കാരനായ മുന്‍മന്ത്രി രഘുവംശപ്രസാദ് സിങ്ങിന്‍െറ പരാമര്‍ശങ്ങളാണ് മറ്റു ചോദ്യങ്ങള്‍.

വ്യാഴാഴ്ച അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന മേഖലകള്‍ ന്യൂനപക്ഷ-യാദവ കേന്ദ്രീകൃതമാണ്. ഇതു കണ്ടറിഞ്ഞാണ് ബി.ജെ.പിയുടെ ‘പശുവും സ്ത്രീയും’ പരസ്യം. ബി.ജെ.പിയിലെ വിദ്വേഷം പരത്തുന്ന ചെറു നേതാക്കളാണോ ഉന്നത നേതാക്കളാണോ ഇത്തരമൊരു പരസ്യം നല്‍കിയതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.