ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പൊലീസ് പോളിങ് ബൂത്തിലെത്തുന്ന തങ്ങളുടെ ബുർഖ അഴിച്ചുമാറ്റി പരിശോധിക്കുമോയെന്ന ആശങ്കയിലാണ് മുസ്ലിം സ്ത്രീ വോട്ടർമാർ. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം ബി.ജെ.പിയും എസ്.പിയും തമ്മിലാണ്. കോൺഗ്രസ് മത്സരിക്കുന്നില്ലെങ്കിലും ഇൻഡ്യ മുന്നണിയുടെ ഭാഗമായ എസ്.പിക്കായി രംഗത്തുണ്ട്. ഒമ്പത് സീറ്റുകളിൽ ബി.എസ്.പിയും തനിച്ച് മത്സരിക്കുന്നുണ്ട്.
ബുർഖ അഴിച്ചുമാറ്റി പരിശോധിക്കുമെന്ന ഭയത്താൽ വോട്ടെടുപ്പിന് പോകേണ്ടെന്നാണ് പല മുസ്ലിം സ്ത്രീകളുടെയും തീരുമാനം. വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് വാങ്ങി പൊലീസ് തങ്ങളുടെ ബുർഖ അഴിച്ചുമാറ്റി പരിശോധിക്കുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക. വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് എസ്.പി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതി. പൊലീസ് അധികാരം ദുരുപയോഗം ചെയ്യുകാണെന്നാണ് എസ്.പിയുടെ പ്രധാന ആരോപണം. വോട്ടർ തിരിച്ചറിയിൽ കാർഡ് പരിശോധിക്കാൻ പൊലീസിന് അധികാരമില്ലെന്ന് എസ്.പി കത്തിൽ ചൂണ്ടിക്കാട്ടി.
അതിനുള്ള അധികാരം പോളിങ് ഓഫിസർമാർക്ക് മാത്രമാണെന്നും എസ്.പി കത്തിൽ പറയുന്നു. അതേസമയം, മുസ്ലിം വോട്ടർമാർക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ വോട്ടർ സ്ലിപ്പ് വിതരണം ചെയ്യുന്നതിൽ ബൂത്ത് തല ഓഫിസർമാർ വീഴ്ച വരുത്തിയെന്നും ആക്ഷേപമുണ്ട്. ഇതുമൂലം പലർക്കും തങ്ങളുടെ ബൂത്തിനെ കുറിച്ചും മറ്റും ധാരണയില്ല. എസ്.പിയെ പിന്തുണച്ച് കോൺഗ്രസ് രംഗത്തെത്തി. ന്യൂനപക്ഷ വോട്ടർമാരെ ഭയപ്പെടുത്താനാണ് അധികൃതരുടെ നീക്കമെന്ന് കോൺഗ്രസ് എം.പി പ്രമോദ് തിവാരി ആരോപിച്ചു. തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വോട്ടർ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽനിന്ന് പൊലീസിനെ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ബുർഖ മാറ്റി പരിശോധിക്കുന്നതിന് പൊലീസിന് നിയമപരമായി അധികാരമുണ്ടെന്ന അവകാശവാദവുമായി ബി.ജെ.പി രംഗത്തെത്തി. കുന്ദർകി, മീരാപൂർ, ഗാസിയാബാദ്, ഫുൽപൂർ, കടേഹാരി, മജ്‌വ, ഖൈർ, സിസാമൗ, കർഹാൽ എന്നീ മണ്ഡലങ്ങളിലാണ് ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.