എൻ.ഡി.എയെ പിന്നിലാക്കി മഹാസഖ്യം മുന്നേറുന്നു

പട്ന: രാജ്യം ഉറ്റുനോക്കുന്ന ബീഹാർ നിയമസഭതെരെഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ എൻ.ഡി.എ വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചുവെങ്കിലും പിന്നീട് നില മാറിമറിയുകയായിരുന്നു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ എൻ.ഡി.എക്ക്50ഉം ആർ.ജെ.ഡി-ജെ.ഡി.യു-കോൺഗ്രസ് മഹാസഖ്യത്തിന് 20മായിരുന്നു സീറ്റ്നില. എന്നാൽ ആദ്യമണിക്കൂർ പിന്നിട്ടപ്പോൾ ഇരുസഖ്യങ്ങളും ഒപ്പത്തിനൊപ്പമായി. പിന്നീട് എൻ.ഡി.എയെ പിന്നിലാക്കി മഹാസഖ്യം മുന്നേറുന്ന കാഴ്ചയായിരുന്നു. ഇപ്പോഴും ചെറിയ വ്യത്യാസത്തിൽ മഹാസഖ്യത്തിന്‍റെ മുന്നേറ്റം തുടരുകയാണ്. ഗ്രാമീണ മേഖലയിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയിട്ടില്ല. നഗരപ്രദേശങ്ങളിലെ വോട്ടാണ് ആദ്യം എണ്ണുന്നത്. ഉച്ചയോടെ മുഴുവന്‍ ഫലങ്ങളും അറിയാനാകും. ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ ബിഹാർ തെരെഞ്ഞെടുപ്പിൽ സംസ്ഥാനം ആർക്കൊപ്പം ആയിരിക്കുമെന്ന് ആകാംക്ഷയിലാണ് രാജ്യം.

243 അംഗ നിയമസഭയില്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നേരിയ മുന്‍തൂക്കം. എന്നാല്‍, രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബി.ജെ.പിക്ക് സാധ്യത നല്‍കുന്നുമുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്നതാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഡല്‍ഹിക്ക് പിന്നാലെ ബിഹാറിലും തിരിച്ചടി നേരിടേണ്ടിവന്നാല്‍ നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍െറ നേതൃത്വമായിരിക്കും ചോദ്യംചെയ്യപ്പെടുക. ബീഫ് വിവാദത്തിന്‍െറയും പടരുന്ന അസഹിഷ്ണുതയുടെയും പശ്ചാത്തലത്തിലാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 12നാണ് തുടങ്ങിയത്. നവംബര്‍ അഞ്ചിനാണ് അവസാനഘട്ട വോട്ടെടുപ്പ് നടന്നത്.

ലാലു പ്രസാദ് യാദവിന്‍െറ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവര്‍ കൂടി ഉള്‍ക്കൊള്ളുന്ന മഹാസഖ്യം നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരെന്ന് പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.