ബംഗളൂരു: ബിഹാർ തോൽവിയുടെ പശ്ചാത്തലത്തിൽ ബി.ജെ.പിയിൽ വാക്പോര് കനക്കുന്നു. തോൽവിലൂടെ ഉത്തരവാദിത്തം അമിത് ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണെന്ന പരാമർശം നടത്തിയ മുതിർന്ന നോതാക്കൾക്കെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വീണ്ടും പൊട്ടിത്തെറിച്ചു. മുതിർന്ന നേതാക്കൾക്ക് വിയോജിപ്പോ അഭിപ്രായഭിന്നതയോ ഉണ്ടെങ്കിൽ പാർട്ടി വേദികളിൽ പറയണമെന്നും പൊതുജനങ്ങൾക്ക് മുന്നിലല്ല വ്യക്തമാക്കേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ശാന്തകുമാർ, യശ്വന്ത് സിംഹ എന്നിവരെ പരോക്ഷമായി കുറ്റപ്പെടുത്തിയ വെങ്കയ്യ നായിഡു നരേന്ദ്ര മോദിയെയും അമിത് ഷായെയും ന്യായീകരിച്ചു.
അദ്വാനി നയിച്ച 2004, 2009 തെരഞ്ഞെടുപ്പുകളിൽ പാർട്ടി തോറ്റിട്ടുണ്ട്. അന്ന് ആരും ഒരാളുടെമേൽ ഉത്തരവാദിത്തം കെട്ടിവെച്ചിട്ടില്ല. തെരഞ്ഞെടുപ്പുകളിൽ ജയവും പരാജയവും ഉണ്ടാകും. ഇതിൽ കൂട്ടുത്തരവാദിത്തമുണ്ട്. തോൽക്കുമ്പോൾ ചിലരുടെമേൽ ഉത്തരവാദിത്തം കെട്ടിവെക്കുന്നത് പാർട്ടി രീതിയല്ല. ആഭ്യന്തര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മുതിർന്ന നേതാക്കളാണെന്നതിനാൽ അദ്വാനി അടക്കമുള്ളവർക്കെതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനകീയ നേതാവായി നരേന്ദ്ര മോദിയെ ഉയർത്തിയ വെങ്കയ്യ നായിഡു മോദിക്ക് കീഴിൽ കേന്ദ്ര ഭരണം പിടിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ മുന്നേറ്റം നടത്താനായെന്നും കേരളത്തിലടക്കം പാർട്ടി സാന്നിധ്യമറിയിച്ചെന്നും കൂട്ടിച്ചേർത്തു. അമിത് ഷാക്കെതിരായ ആരോപണങ്ങളെ ചെറുത്ത കേന്ദ്രമന്ത്രി സംഘാടനത്തിലും തെരഞ്ഞെടുപ്പുകളിലും പാർട്ടിയിൽ പ്രധാന പങ്ക് വഹിക്കുന്നയാളാണ് അദ്ദേഹമെന്നും പറഞ്ഞു. അദ്വാനി അടക്കമുള്ള നേതാക്കൾക്കെതിരെ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി എന്നിവർ നേരത്തെയും രംഗത്തുവന്നിരുന്നു. ഇത് പാർട്ടിയിൽ വാക്പോരിന് വകവെക്കുകയും ചെയ്തു. ഇതിനിടെയാണ് ബംഗളൂരുവിലെത്തിയ വെങ്കയ്യ നായിഡു വീണ്ടും മുൻ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
ബിഹാർ തോൽവിക്ക് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി ഉപാധ്യക്ഷനും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയും അദ്വാനിക്കെതിരെ കഴിഞ്ഞദിവസം രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.