ബംഗളൂരു: ബംഗളൂരു സ്ഫോടന കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് കർണാടക സർക്കാർ. കേസിന്‍റെ വിചാരണ നടക്കുന്ന ബംഗളൂരുവിലെ എൻ.ഐ.എ പ്രത്യേക കോടതിയിലാണ് ആവശ്യം അറിയിച്ചത്. കേസിലെ പ്രതികൾ നിരന്തരം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. സാക്ഷികൾക്കൊപ്പം അഭിഭാഷകർക്കും കോടതിക്കും സുരക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്‍റെ പരാതിയെ തുടർന്ന് കേസിലെ പ്രതി തടിയന്‍റവിട നസീറിന്‍റെ അഭിഭാഷകരെ ജഡ്ജി താക്കീത് ചെയ്തു. ഇത്തരത്തിലുള്ള നടപടികളുമായി കക്ഷികൾ മുന്നോട്ടു പോവുകയാണെങ്കിൽ അത് കോടതി മുഖവിലക്ക് എടുക്കുമെന്നും ജഡ്ജി അറിയിച്ചു.
സ്ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കണമെന്ന് ആവശ്യപ്പെട്ട് തടിയന്‍റവിട നസീറിന്‍റെ സഹായിയും പെരുമ്പാവൂർ അല്ലപ്ര സ്വദേശിയുമായ ഷഹനാസിന് നൽകിയ കത്തുകൾ കേരളാ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇക്കാര്യത്തിൽ സഹായിച്ചെന്ന കുറ്റം ചുമത്തി ഷഹനാസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷഹനാസിന്‍റെ വീട് പരിശോധിച്ചപ്പോൾ നസീർ എഴുതിയതായി പറയുന്ന, മൊത്തത്തിൽ അമ്പത് പേജ് വരുന്ന 10 കത്തുകളാണ് പൊലീസ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.