കോണ്‍ഗ്രസ് നേതാവിന്‍െറ സ്വിസ് അക്കൗണ്ട്: അന്വേഷണത്തിന് സര്‍ക്കാര്‍ സഹായം തേടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും യു.പി.എ സര്‍ക്കാറില്‍ വിദേശ സഹമന്ത്രിയുമായിരുന്ന പ്രണീത് കൗറിന്‍െറയും മകന്‍ രണീന്ദര്‍ സിങ്ങിന്‍െറയും സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സഹായം തേടി. മോദിസര്‍ക്കാറിന്‍െറ അപേക്ഷക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ സ്വിസ് ഭരണകൂടം കൗറിനും മകനും 10 ദിവസത്തെ സമയം നല്‍കി. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്ങിന്‍െറ ഭാര്യയാണ് പ്രണീത് കൗര്‍.
സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ തങ്ങളുടെ ഫെഡറല്‍ ഗസറ്റില്‍  ചൊവ്വാഴ്ച പുറപ്പെടുവിച്ച രണ്ട് വ്യത്യസ്ത വിജ്ഞാപനങ്ങളിലാണ് മോദിസര്‍ക്കാര്‍ ഇത്തരമൊരു അപേക്ഷ നല്‍കിയ കാര്യം വെളിപ്പെടുത്തിയത്. നേരത്തേ, സ്വിസ് ബാങ്കായ എച്ച്.എസ്.ബി.സിയില്‍ അക്കൗണ്ടുള്ളവരുടെ പട്ടികയില്‍ പ്രണീത് കൗറിന്‍െറ പേരുണ്ടെന്ന വിവരം പുറത്തുവന്നപ്പോള്‍ അവര്‍ നിഷേധിച്ചിരുന്നു. നികുതി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയുമായി കരാര്‍ നിലവിലുള സ്വിറ്റ്സര്‍ലന്‍ഡ് പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരമാണ് കൗറിന്‍േറത്.
ഒരാളുടെ അക്കൗണ്ട് വിവരങ്ങളും മറ്റും അടക്കമുള്ള നികുതികാര്യങ്ങള്‍ മറ്റൊരു രാജ്യവുമായി പങ്കുവെക്കാനുള്ള സ്വിസ് വ്യവസ്ഥകള്‍ പ്രകാരമാണ് ഇന്ത്യയുടെ അപേക്ഷയില്‍ അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതാവിനും മകനും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ സമയം അനുവദിച്ചത്. അക്കൗണ്ടുള്ളവരുടെ ഭാഗംകൂടി കേട്ട ശേഷമേ വിശദാംശങ്ങള്‍ കൈമാറുകയുള്ളൂ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.