ഹജ്ജ് യാത്രയുടെ മലേഷ്യന്‍ രീതി പഠിക്കാന്‍ എം.പി സംഘം

ന്യൂഡല്‍ഹി: പരാശ്രയമില്ലാതെ  തീര്‍ഥാടകര്‍ സ്വരൂപിച്ച പണം വിനിയോഗിച്ച് ഹജ്ജ് യാത്ര നടത്താന്‍ അവസരമൊരുക്കുന്ന രീതിയെക്കുറിച്ചറിയാന്‍ ഇന്ത്യന്‍ പാര്‍ലമെന്‍ററി സംഘം മലേഷ്യ സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ തീര്‍ഥാടകരുടെ യാത്രക്ക് നല്‍കുന്ന സബ്സിഡി തുടരണമോ എന്നതു സംബന്ധിച്ച ചര്‍ച്ച തുടരുന്നതിനിടെയാണ് പുതു സാധ്യത ആരായാന്‍ തീരുമാനം.

ഹജ്ജിനു പോകാന്‍ ആഗ്രഹിക്കുന്നവര്‍ മലേഷ്യയില്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള ‘ലംബാഗ തബുംഗ് ഹാജി’ എന്ന ഹജ്ജ്ഫണ്ടില്‍ ചെറുതുക നിക്ഷേപിക്കും. ഈ പണം സര്‍ക്കാറിന്‍െറ ആവശ്യങ്ങള്‍ക്കും പദ്ധതികള്‍ക്കും ഉപയോഗിക്കുകയും അതില്‍നിന്നുള്ള ലാഭവിഹിതം തീര്‍ഥാടകന്‍െറ അക്കൗണ്ടിലേക്ക് ചേര്‍ക്കുകയും ചെയ്യും. ഹജ്ജ് യാത്രക്ക് ആവശ്യമായ തുക തികയുന്നതോടെ സീറ്റ് ഊഴം അനുസരിച്ച്  തീര്‍ഥാടന സൗകര്യം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരുക്കും. ഇടനിലക്കാരെ ഒഴിവാക്കി ചൂഷണരഹിതമായി നടപ്പാക്കുന്നതിനാല്‍ കൂടുതല്‍ പണച്ചെലവില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ മലേഷ്യയിലെ തീര്‍ഥാടകര്‍ക്ക് കഴിയുന്നു. ഇത്തരം പദ്ധതികള്‍ ആരംഭിക്കണമെന്ന് ഇന്ത്യയിലെ ചില മുസ്ലിം സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു.

പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലെ സംഘമാണ് ഞായറാഴ്ച മലേഷ്യയിലേക്ക് പുറപ്പെടുക. തബുംഗ് ഹാജി ഭാരവാഹികള്‍ക്കു പുറമെ മതപണ്ഡിതന്മാരും നേതാക്കളുമായും  ഇന്ത്യന്‍ സംഘം ആശയവിനിമയം നടത്തും. ഇന്തോനേഷ്യ, സിംഗപ്പുര്‍ എന്നിവിടങ്ങളിലും സംഘം സൗഹൃദ സന്ദര്‍ശനം നടത്തും. യാത്ര പഠനാവശ്യാര്‍ഥം മാത്രമാണെന്നും നിലവിലെ ഹജ്ജ് സബ്സിഡിയില്‍ മാറ്റം ഉണ്ടാവുമെന്ന് അര്‍ഥമില്ളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.