വരൾച്ച പശ്ചാത്തലമാക്കി സെൽഫി; പങ്കജ മുണ്ടെ വിവാദത്തിൽ

മുംബൈ: മഹാരാഷ്ട്രയിലെ വരൾച്ചാ ബാധിത പ്രദേശം സന്ദർശിച്ച് സെൽഫിയെടുത്ത മന്ത്രി പങ്കജ മുണ്ടെക്കെതിരെ പ്രതിഷേധം. വരൾച്ച രൂക്ഷമായ ലാത്തൂരിൽ വറ്റിയ മുഞ്ചാര നദി പശ്ചാത്തലമാക്കിയെടുത്ത സെൽഫിയാണ് പങ്കജ ട്വീറ്റ് ചെയ്തത്. വരൾച്ചയുടെ സ്ഥിതിഗതികൾ വിലയിരുത്താനാണ് പങ്കജ എത്തിയത്.

ഇതിനെതിരെ പ്രതിപക്ഷമായ കോൺഗ്രസും ബി.ജെ.പിയുടെ ഘടകക്ഷിയായ ശിവസേനയും രംഗത്തുവന്നു. കർഷകരുടെ ദുരിതം കാണാനല്ല, സെൽഫിയെടുക്കുന്നതിലാണ് മന്ത്രിക്ക് താത്പര്യമെന്ന് കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി മൊത്തത്തിൽ സെൽഫി പാർട്ടിയാണ്. വരൾച്ച ബാധിച്ചവരെ പരിഹസിക്കുന്നതാണ് ഈ പ്രവൃത്തിയെന്നും കോൺഗ്രസ് ആരോപിച്ചു. ജനങ്ങൾ രൂക്ഷമായ ജലക്ഷാമം നേരിടുമ്പോൾ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്തത് നിർഭാഗ്യകരമാണെന്ന് ശിവസേനയും പറഞ്ഞു. പങ്കജ മുണ്ടെ ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ശിവസേന വ്യക്തമാക്കി.

എന്നാൽ വിവാദങ്ങൾ ഒഴിവാക്കി വരൾച്ചകാരണം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണമെന്ന് പങ്കജ പറഞ്ഞു. സംസ്ഥാന ജലസംരക്ഷണ വകുപ്പ് മന്ത്രിയായ പങ്കജ, മോദി മന്ത്രി സഭയിൽ അംഗമായിരിക്കെ അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളാണ്.

മഹാരാഷ്ട്ര കൃഷിമന്ത്രി ഏക്നാഥ് കദ്സെക്ക് ഹെലിപ്പാഡ് തയാറാക്കാൻ പതിനായിരം ലീറ്റർ വെള്ളം പാഴാക്കി എന്ന ആരോപണം നേരത്തെ വന്നിരുന്നു. മഹാരാഷ്ട്രയിൽ വരൾച്ചെ ഏറെ ബാധിച്ച പ്രദേശമാണ് ലാത്തൂർ. ഇവിടേക്ക് കൃഷ്ണ നദിയിൽ നിന്ന് ട്രെയിൻ വഴി ജലം കൊണ്ടുവന്നാണ് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.