ഡീസലില്‍ വ്യാപക മായം: മണ്ണെണ്ണ വെട്ടിപ്പ്; സുപ്രീംകോടതിക്ക് ഉത്കണ്ഠ

പെട്രോളിയം മന്ത്രാലയത്തിലെ ജോ. സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരാതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴി വില്‍ക്കുന്ന ഡീസലില്‍ വ്യാപകമായി മായം ചേര്‍ക്കുന്നതിലും  ദശലക്ഷക്കണക്കിന് ലിറ്റര്‍ മണ്ണെണ്ണ വെട്ടിക്കുന്നതിലും സുപ്രീംകോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. രാഷ്ട്രീയക്കാരടക്കം ഉടമകളും വിതരണക്കാരും വളരെ ശക്തരായ ആളുകളാണെന്നും കോടതി തുറന്നടിച്ചു.
‘കാര്യങ്ങള്‍ ശുഭകരമല്ല. മായം ചേര്‍ക്കല്‍ വ്യാപകമാണ്. ദൗര്‍ഭാഗ്യകരമാണ് സാഹചര്യങ്ങള്‍ -ഉത്തര്‍പ്രദേശിലെ ബി.എസ്.പി നേതാവ് സീമ ഉപാധ്യായ  രാഷ്ട്രീയ എതിരാളിയും സമാജ്വാദി പാര്‍ട്ടി എം.എല്‍.എയുമായ ദേവേന്ദ്ര എന്ന മുകേഷ് അഗര്‍വാളിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കവേയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ചിന്‍െറ നിരീക്ഷണം. രാഷ്ട്രീയ നേതാക്കള്‍ക്ക് പെട്രോള്‍ പമ്പുകളുണ്ട്.
 ‘ഗ്രാമങ്ങളിലേക്കും അതുപോലെ ചെറു പ്രദേശങ്ങളിലേക്കും പോവുക. കുറ്റവാളികളും രാഷ്ട്രീയക്കാരുമടക്കം എല്ലാ വിഭാഗം ആളുകളും അതില്‍ പങ്കാളികളാണ്’ -കോടതി  ആവര്‍ത്തിച്ചുപറഞ്ഞു. മായം ചേര്‍ക്കല്‍ എങ്ങനെ തടയാന്‍ സാധിക്കും? ഇതിനായി ഏതെങ്കിലും മാര്‍ഗങ്ങളുണ്ടോ -കോടതി ചോദിച്ചു.
പെട്രോളിയം മന്ത്രാലയത്തിലെ ജോ. സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മുകേഷ് അഗര്‍വാളിന് സ്വന്തമായും ബിനാമി പേരുകളിലും പെട്രോള്‍ പമ്പകളുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  
മായം ചേര്‍ക്കലും വെട്ടിപ്പും തടയുന്നിന് മന്ത്രാലയം സ്വീകരിച്ച മാര്‍ഗങ്ങളെക്കുറിച്ച് സോളിസിറ്റര്‍ ജനറലിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.