ന്യൂഡല്‍ഹി: ഇസ്ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിനെതിരെ യു.എ.പി.എ വകുപ്പുചുമത്തി കേന്ദ്ര സര്‍ക്കാര്‍ കേസെടുത്തേക്കും. സാകിര്‍ നായികിന്‍െറ സന്നദ്ധ സംഘടന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐ.ആര്‍.എഫ്) നിരോധിക്കാനും നീക്കമുണ്ട്. സാകിര്‍ നായികിന്‍െറ പ്രസംഗങ്ങളും ടി.വി ഷോകളും തീവ്രവാദത്തിന് പ്രേരണ നല്‍കിയെന്നും മതപ്രബോധന സംവാദങ്ങള്‍ സംഘടിപ്പിച്ചതുവഴി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റമാണ് ചുമത്തുക. സാകിര്‍ നായിക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രഭാഷണ പര്യടനത്തിലാണ്.
ധാക്ക ഭീകരാക്രമണം നടത്തിയ ചിലരുടെ പ്രചോദനം സാകിര്‍ നായികാണെന്ന് ഒരു ബംഗ്ളാദേശി പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും സാകിര്‍ നായികിനെതിരെ തിരിഞ്ഞത്. പത്രം വാര്‍ത്ത തിരുത്തിയെങ്കിലും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും മഹാരാഷ്ട്ര പൊലീസും അന്വേഷണം തുടര്‍ന്നു.
സാകിര്‍ നായികിനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെ കേസെടുക്കാമെന്ന് കാണിച്ച് മഹാരാഷ്ട്ര പൊലീസ് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയെന്നും യു.എ.പി.എ ചുമത്താമെന്ന ഉപദേശമാണ് ലഭിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. തീവ്രവാദ ബന്ധമുള്ള കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഏതാനും പേരുടെ മൊഴിയാണ് സാകിര്‍ നായികിനെതിരായി പൊലീസിന്‍െറ തെളിവ് ശേഖരത്തിലുള്ളത്. കേരളത്തിലെ ഇ -മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബിജു സലിം, 2015ല്‍ ഐ.എസ് ബന്ധം സംശയിച്ച് യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട അഫ്ഷ ജബീന്‍, ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത മുബശ്ശിര്‍ ശൈഖ്, മുഹമ്മദ് ഉബൈദുല്ല ഖാന്‍ എന്നിവരുടേതാണ് മൊഴികള്‍.
തങ്ങള്‍ക്ക് പ്രചോദനമായത് സാകിര്‍ നായികിന്‍െറ പ്രഭാഷണങ്ങളും ടി.വി ഷോകളുമാണെന്ന് ഇവര്‍ മൊഴിനല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേരളത്തില്‍നിന്ന് ഏതാനും പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ അര്‍ഷി ഖുറൈശി, റിസ്വാന്‍ ഖാന്‍ എന്നിവരെ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അര്‍ഷി ഖുറൈശി, റിസ്വാന്‍ ഖാന്‍ എന്നിവരുടെ അറസ്റ്റും സാകിര്‍ നായികിനെതിരായ തെളിവാകും. 2006ല്‍ ഒൗറംഗാബാദില്‍ ആയുധങ്ങളുമായി പിടിയിലായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ മുന്‍ ജീവനക്കാരന്‍ ഫിറോസ് ദേശ്മുഖുമായുള്ള ബന്ധവും തെളിവായി ഉപയോഗിക്കും. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍െറ കേന്ദ്ര ആസ്ഥാനം മുംബൈയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.