കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത് വിഭജനാന്തരീക്ഷത്തിലേക്ക് –മണി ശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: അലീഗഢിന്‍െറയും ജാമിഅയുടെയും ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള ശ്രമത്തിലൂടെ വിഭജന സമയത്ത് സൃഷ്ടിച്ച സാമൂഹികാന്തരീക്ഷത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ മണിശങ്കര്‍ അയ്യര്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷ സ്വഭാവമുള്ള സ്ഥാപനങ്ങളെല്ലാം ഭൂരിപക്ഷ വിരുദ്ധമാണെന്ന ധാരണ തെറ്റാണെന്നും തമിഴ് ബ്രാഹ്മണനായ താന്‍ അലീഗഢിന്‍െറ പൂര്‍വ വിദ്യാര്‍ഥിയാണെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിക്കടുത്ത് ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി. അലീഗഢിന്‍െറയും  ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സിന്‍െറയും ന്യൂനപക്ഷ സ്വഭാവം തങ്ങളെ പോലുള്ള ഭൂരിപക്ഷ സമുദായത്തിന് അവിടെ പഠിക്കുന്നതിന് തടസ്സമായിട്ടില്ളെന്നും മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി.  ഛത്തിസ്ഗഢിലെ ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ ഫാദറിനെ അച്ചന്‍ എന്ന് വിളിക്കാനും യേശുവിന്‍െറ പ്രതിമക്ക് പകരം സരസ്വതീ ദേവിയുടെ പ്രതിമ സ്ഥാപിക്കാനും തീരുമാനിച്ചതിന്‍െറ തുടര്‍ച്ചയാണ് അലീഗഢിന്‍െറയും ജാമിഅയുടെയും ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കവുമെന്ന് പൗരാവകാശ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍ പറഞ്ഞു. തുടര്‍ന്നഎ സംഘടിപ്പിച്ച സെമിനാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്‍റ് എസ്.ക്യു.ആര്‍ ഇല്യാസ് അധ്യക്ഷത വഹിച്ചു. രവി നായര്‍, മുന്‍ എം.പി പ്രമോദ് കുരീല്‍, ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് ജനറല്‍ സെക്രട്ടറി നിയാസ് അഹ്മദ് ഫാറൂഖി എന്നിവരും സംസാരിച്ചു. അലീഗഢ് സ്റ്റുഡന്‍റ്സ് യൂനിയന്‍ മുന്‍ ചെയര്‍മാന്‍ അബ്ദുല്ല അസ്സാം ആമുഖ പ്രസംഗം നടത്തി.

നടപടി പ്രതിഷേധാര്‍ഹം

കോഴിക്കോട്: അലീഗഢ്, ജാമിഅ സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി നീക്കം ചെയ്യാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍. ന്യൂനപക്ഷ പദവി നിലനിര്‍ത്തിയിട്ടും നിരവധി സംഭാവനകള്‍ നല്‍കിയ സര്‍വകലാശാലകള്‍ക്കെതിരെ സംഘ്പരിവാറിന്‍െറ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇരു സര്‍വകലാശാലകളുടെയും പദവിയിലും ഭരണത്തിലും കൈകടത്താനുള്ള നീക്കത്തെ തടയണമെന്നും ആവശ്യപ്പെട്ടു.
ഇ.ടി. മുഹമ്മദ് ബഷീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, ടി.പി. അബ്ദുല്ലക്കോയ മദനി, സി.പി. ഉമര്‍ സുല്ലമി, എം.ഐ. അബ്ദുള്‍ അസീസ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ്, എ.പി. അബ്ദുല്‍ വഹാബ്, എ.കെ. അബ്ദുല്‍ ഹമീദ്, ശൈഖ മുഹമ്മദ് കാരകുന്ന്, ഒ. അബ്ദുറഹ്മാന്‍, അബ്ദുശുക്കൂര്‍ ഖാസിമി, ഡോ. ഫസല്‍ ഗഫൂര്‍, എന്‍ജിനീയര്‍ മമ്മദ് കോയ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.