ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് സി.പി.എം പോളിറ്റ്ബ്യൂറോക്കു പിറകേ കേന്ദ്രകമ്മിറ്റിയിലും കടുത്തഭിന്നത. ബുധനാഴ്ച രാവിലെ തുടങ്ങിയ കേന്ദ്രകമ്മിറ്റി രാത്രി ഒമ്പതുവരെ നീണ്ടു. 91 അംഗ കമ്മിറ്റിയില്‍ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായമുയര്‍ന്നു.
ആദ്യദിനം സംസാരിച്ച 54 പേരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തു. ഇനി 12 പേരാണ് സംസാരിക്കാനുള്ളത്. രണ്ടു ദിവസത്തെ കേന്ദ്രകമ്മിറ്റി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ തീരുമാനം ഇന്നുണ്ടാകും. കോണ്‍ഗ്രസ് സഖ്യം വേണമെന്ന നിലപാടില്‍ ബംഗാള്‍ഘടകം ഉറച്ചുനിന്നാല്‍ തീരുമാനം വോട്ടെടുപ്പിലേക്ക് നീങ്ങും.
വി.എസ്. അച്യുതാനന്ദന്‍ സി.പി.എം ബംഗാള്‍ഘടകത്തിനൊപ്പമാണ്. കേന്ദ്രകമ്മിറ്റി യോഗത്തിന് മുന്നോടിയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സന്ദര്‍ശിച്ച വി.എസ് തന്‍െറ നിലപാട് അറിയിച്ച് കുറിപ്പ് കൈമാറി. കഴിഞ്ഞദിവസം കേരളത്തില്‍ പരസ്യമായി പറഞ്ഞ നിലപാടാണ് വി.എസ് രേഖാമൂലം അറിയിച്ചതെന്നാണ് വിവരം. ഡോ. തോമസ് ഐസക്കും ബംഗാള്‍ഘടകത്തെ എതിര്‍ത്തില്ല. അവിടത്തെ സാഹചര്യമനുസരിച്ച നിലപാട് ആകാമെന്നാണ് ഐസക് പറഞ്ഞത്. അതേസമയം, മറ്റു കേരളനേതാക്കള്‍ കോണ്‍ഗ്രസ് സഖ്യത്തെ ശക്തമായി എതിര്‍ക്കുകയാണ്.
ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാല്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള സാഹചര്യം നഷ്ടമാകുമെന്നും പാര്‍ട്ടി കുരുക്കിലാകുമെന്നും എ. വിജയരാഘവനടക്കമുള്ളവര്‍ പറഞ്ഞു. എന്നാല്‍, അനിവാര്യമായ സാഹചര്യത്തിലാണ് സഖ്യത്തിന് അനുമതി തേടുന്നതെന്ന് ബംഗാളില്‍നിന്നുള്ള ഗൗതം ദേബ് വിശദീകരിച്ചു.
ഇപ്പോള്‍ അത് അനുവദിച്ചില്ളെങ്കില്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ കിട്ടിയ അവസരം, ഒന്നാം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് തുടങ്ങിയ ‘ഹിമാലയന്‍ വിഡ്ഢിത്ത’ത്തെപ്പോലെ ഇതും മാറുമെന്നും പറഞ്ഞു.
ഹിമാചല്‍, ഡല്‍ഹി സംസ്ഥാനഘടകങ്ങളെ പ്രതിനിധാനംചെയ്ത് സംസാരിച്ചവര്‍ ബംഗാള്‍ഘടകത്തിന് അനുകൂലനിലപാടാണ് സ്വീകരിച്ചത്. അതേസമയം, കര്‍ണാടക, ആന്ധ്ര, മധ്യപ്രദേശ്, അസം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തു. കോണ്‍ഗ്രസ് സഖ്യം വേണമെന്നാവശ്യപ്പെട്ട് സി.പി.എം ബംഗാള്‍ ഘടകം പ്രമേയം പാസാക്കിയിരുന്നു. വിഷയം പോളിറ്റ്ബ്യൂറോയില്‍ ചര്‍ച്ച ചെയ്തശേഷമാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.