കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കുന്നത് രാജ്യത്തിന് ഭൂഷണമല്ളെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുസ്വരത, സഹിഷ്ണുത എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ഒരൊറ്റ ഇന്ത്യയിലേക്ക് യുവജനതയെ നയിക്കുന്നതാകണം വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സി.എം.എസ് കോളജിന്‍െറ ദ്വിശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
സാങ്കേതിക നിലവാരമില്ലായ്മ ലോകത്തിനു മുന്നില്‍ ഇന്ത്യയെ പിന്നോട്ട് അടിക്കുകയാണ്. പ്രമുഖ കോളജുകളും ഉന്നത-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യക്കുണ്ടെങ്കിലും അന്താരാഷ്ട്ര നിലവാരപ്പട്ടികയില്‍ ഇടംനേടിയിട്ടുള്ളവ ചുരുക്കമാണ്. ഇതിന് മാറ്റം വരുത്തുന്നതിന് താഴത്തേലം മുതല്‍ ഗവേഷണം അടക്കമുള്ള പദ്ധതികള്‍ ഒരുക്കണം. ഇത്തരം ആവശ്യങ്ങള്‍ക്കായി വേണ്ടത്ര ഫണ്ട് നീക്കിവെക്കുന്നില്ളെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമാണ് കേരളമെങ്കിലും ഈ പുരോഗതി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിഫലിക്കുന്നില്ല. ഈ മേഖലയില്‍ കേരളം കഴിവും കരുത്തും തെളിയിക്കാന്‍ സമയമായി. വിദ്യാഭ്യാസ മേഖലയില്‍ ആഗോള മാതൃകയെന്ന നിലയിലേക്ക് കേരളം മാറണം. ഇതിനുള്ള സാഹചര്യങ്ങള്‍ കേരളത്തിലുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ പൊതുമേഖലക്കൊപ്പം സ്വകാര്യമേഖലയും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാന്‍ ഇത്തരത്തില്‍ യോജിച്ചുള്ള നീക്കമാണ് രാജ്യത്തിന് ആവശ്യമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പൂര്‍വവിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ 12 കോടി മുടക്കി നിര്‍മിക്കുന്ന ദ്വിശതാബ്ദി സ്മാരക കെട്ടിടത്തിന്‍െറ ശിലാസ്ഥാപനവും രാഷ്ട്രപതി നിര്‍വഹിച്ചു. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. സി.എം.എസ് കോളജില്‍നിന്ന് ഉന്നതസ്ഥാനങ്ങളിലത്തെിയ പൂര്‍വവിദ്യാര്‍ഥികളുടെ മാതൃക പുതിയ തലമുറ പിന്‍തുടരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോളജിന്‍െറ പൈതൃകപദവി പ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ദ്വിശതാബ്ദി സ്മാരകമായി തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക കവര്‍, സ്റ്റാമ്പ് എന്നിവ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എ.എന്‍. നന്ദയില്‍നിന്ന് രാഷ്ട്രപതി ഏറ്റുവാങ്ങി മുഖ്യമന്ത്രിക്ക് കൈമാറി. സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ ആമുഖപ്രഭാഷണം നടത്തി. സി.എം.എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ സ്വാഗതവും കോളജ് മുന്‍ പ്രിന്‍സിപ്പലും അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റുമായ പ്രഫ. സി.എ. എബ്രഹാം നന്ദിയും പറഞ്ഞു.
നിസ്സഹകരണ സമരകാലത്ത് സി.എം.എസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ അക്രമസമരങ്ങളെ ന്യായീകരിക്കുന്നില്ളെന്ന് വ്യക്തമാക്കി മഹാത്മാഗാന്ധി 1938ല്‍ പ്രിന്‍സിപ്പല്‍ ഫിലിപ്പ് ലീക്ക് അയച്ച പോസ്റ്റ് കാര്‍ഡിന്‍െറ കോപ്പി പ്രോജക്ട് കോഓഡിനേറ്റര്‍ പി.കെ. കുരുവിള രാഷ്ട്രപതിക്ക് സമ്മാനിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ. മാണി എം.പി എന്നിവരും പങ്കെടുത്തു.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉച്ചക്ക് 1.40ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. അഡീഷണല്‍ സെക്രട്ടറി തോമസ് മാത്യു, പ്രസ് സെക്രട്ടറി വേണു രാജാമണി തുടങ്ങിയവരും ദല്‍ഹിയില്‍ നിന്നുള്ള മാധ്യമ സംഘവും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. ജെ.എന്‍.യു സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കലാലയങ്ങളെ സംബന്ധിച്ച് രാഷ്ട്രപതി പ്രസ്താവന നടത്താനിടയുള്ളതിനാല്‍ കോട്ടയത്തെ പരിപാടിക്ക് വന്‍ മാധ്യമപ്പടയാണ് എത്തിയിരുന്നത്.
സി.എം.എസ് കോളജിലെ പരിപാടിക്ക് ശേഷം രാഷ്ട്രപതി ഗുരുവായൂരിലേക്ക് തിരിച്ചു. ശ്രീകൃഷ്ണ കോളജിലെ പ്രത്യേക ഹെലിപ്പാഡിലിറങ്ങിയ രാഷ്ട്രപതി ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. തുടർന്ന് അഞ്ചരയോടെ കൊച്ചിയിലേക്ക് മടങ്ങി.
ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംസ്ഥാന ഗവണ്‍മെന്‍റ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ പീനല്‍കോഡിന്‍െറ 155ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. വിലിങ്ടണ്‍ ഐലന്‍ഡിലെ ടാജ് വിവാന്‍റ് ഹോട്ടലിലാണ് താമസം. ശനിയാഴ്ച രാവിലെ കൊടുങ്ങല്ലൂരിലേക്ക് പോകുന്ന രാഷ്ട്രപതി പുല്ലൂറ്റ് കെ.കെ.ടി.എം കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ വന്നിറങ്ങും.
തുടര്‍ന്ന് മുസ്രിസ് പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനംചെയ്യും. ഇതിന് ശേഷം കോഴിക്കോട്ടത്തെി സൈബര്‍ പാര്‍ക്ക് ഉദ്ഘാടനവും നിര്‍വഹിച്ചശേഷം ഡല്‍ഹിക്ക് മടങ്ങും. രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതിന്‍െറ ഭാഗമായി എറണാകുളം നഗരത്തില്‍ രണ്ടുദിവസം ഗതാഗതനിയന്ത്രണവും ശക്തമായ സുരക്ഷാസന്നാഹവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.