ന്യൂഡൽഹി: പാർലമെന്റ് ഗേറ്റുകൾ മുന്നിൽ പ്രതിഷേധങ്ങൾക്ക് നിരോധനമേർപ്പെടുത്തി ലോക്സഭ സ്പീക്കർ. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമുണ്ടായത്. പാർലമെന്റ് ഗേറ്റിന് മുന്നിൽ ഇനി പ്രതിഷേധമുണ്ടാകരുതെന്ന് സ്പീക്കർ ഓം ബിർള നിർദേശം നൽകി. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതത്.
ഭരണഘടനാ ശിൽപി അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതിൽ പാർലമെന്റിനകത്തും പുറത്തും ഇൻഡ്യ സഖ്യം പ്രതിഷേധം കടുപ്പിച്ചിരുന്നു. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ പാർലമെന്റ് വളപ്പ് അസാധാരണ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
ഇരുവിഭാഗവും നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ സംഘർഷ അന്തരീക്ഷം ഉടലെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബി.ജെ.പി എം.പിമാർ പിടിച്ചുതള്ളിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി തള്ളിയതായി പ്രതാപ് സാരംഗി ആരോപിച്ചു.
നീല വസ്ത്രങ്ങൾ ധരിച്ചാണ് ഇൻഡ്യസഖ്യം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പ്രതിഷേധിച്ചത്. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ ബി.ജെ.പി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കി. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.
പാർലമെന്റ് മന്ദിരത്തിന് മുകളിൽ കയറിയാണ് പ്രതിപക്ഷം പ്രതിഷേധപ്രകടനം നടത്തിയത്. അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഇൻഡ്യ സഖ്യം പ്രതിഷേധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.