1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കുന്നതുവരെ, രാജ്യത്തുടനീളമുള്ള പള്ളികളിൽ സർവേ നടത്തണമെന്നാവശ്യപ്പെടുന്ന വ്യവഹാരങ്ങളെല്ലാം സുപ്രീംകോടതി സ്തംഭിപ്പിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതരായേക്കാം. നാളിതുവരെ നിലപാട് വ്യക്തമാക്കാൻ കേന്ദ്രം പുലർത്തിയ വിസമ്മതമാണ് ഇന്ത്യയുടെ പലഭാഗങ്ങളിലുള്ള പള്ളികളുടെ സർവേ ആവശ്യപ്പെട്ട് കീഴ്ക്കോടതികളിൽ ഹരജികളുടെ പ്രളയത്തിന് വഴിവെച്ചത്.
വാരാണസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദ്, സംഭൽ ശാഹി ജമാ മസ്ജിദ്, അജ്മീർ ദർഗ ശരീഫ്, ഭോജ്ശാല കമാൽ മൗല മസ്ജിദ് എന്നിവയുൾപ്പെടെ 10 ആരാധനാലയങ്ങൾ സംബന്ധിച്ച 18 അവകാശവാദ തർക്കങ്ങളെങ്കിലും കോടതികളിലുണ്ട്.പള്ളിയിലെ സർവേയെത്തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയും യുവാക്കൾ കൊല്ലപ്പെടുകയും ചെയ്ത സംഭൽ നഗരം ഇപ്പോഴും പ്രക്ഷുബ്ധമാണ്.
2022ൽ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താനുള്ള വാരാണസി സിവിൽ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചതിൽപ്പിന്നെ ഇന്ത്യയിലുടനീളമുള്ള പള്ളികളുടെ സർവേ ആവശ്യപ്പെട്ടുകൊണ്ടുള്ള വർഗീയ ഉന്മാദം പുതുതലങ്ങളിലേക്ക് ഉയരുന്നതിന് നാം സാക്ഷ്യംവഹിച്ചു. മഥുര, ഭോജ്ശാല, സംഭൽ, അജ്മീർ എന്നിവിടങ്ങളിലെല്ലാം സമാനമായ കേസുകൾ ഫയൽ ചെയ്യാൻ മതമൗലികവാദികൾക്ക് ധൈര്യം പകർന്നത് ആ സംഭവമാണ്.
അതുകൊണ്ടുതന്നെ, ആരാധനാലയ നിയമ കേസിൽ വാദം പൂർത്തിയാകുന്ന തുവരെ ഇത്തരത്തിലെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും സർവേ ഉത്തരവുകളോ മറ്റെന്തെങ്കിലും വിധികളോ പുറപ്പെടുവിക്കുന്നതിനും വിലക്കേർപ്പെടുത്തിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചിന്റെ 2024 ഡിസംബർ 12ലെ ഉത്തരവ് പകരുന്ന ആശ്വാസം ചെറുതല്ല.
വിഷയം പരമോന്നത കോടതിയുടെ പരിഗണനയിലിരിക്കെ, മറ്റേതെങ്കിലും കോടതി അത് പരിശോധിക്കുന്നത് നീതിയോ ന്യായമോ അല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കീഴ്ക്കോടതികൾക്ക് സുപ്രീം കോടതിയുമായി മത്സരിക്കാൻ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം അനുവദിച്ച കോടതി ‘യൂനിയൻ ഓഫ് ഇന്ത്യയുടെ നിലപാട് രേഖപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’ വെന്നും വ്യക്തമാക്കി.
1991ലെ ആരാധനാലയ നിയമത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കാത്തതാണ് തദ്വിഷയത്തിലെ സകല പ്രശ്നങ്ങൾക്കും കാരണം. മൗനം ഭജിക്കുക വഴി വാരാണസി, സംഭൽ, അജ്മീർ ശരീഫ് എന്നിവിടങ്ങളിലെ അസംബന്ധ ഹരജികളിൽ കേന്ദ്ര സർക്കാർ പരോക്ഷമായി കക്ഷിയായി മാറിയ മട്ടാണ്.
ഒരു ആരാധനാലയത്തിന്റെ 1947 ആഗസ്റ്റ് 15ൽ നിലനിന്നിരുന്ന സ്വഭാവം മാറ്റാൻ കഴിയില്ലെന്ന് നിഷ്കർഷിക്കുന്ന ഈ നിയമം രാജ്യത്ത് നിലനിൽക്കെ, കോടതികൾ എങ്ങനെ സർവേകൾ അനുവദിച്ചുവെന്നത് നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ഏവരുടെയും മനസ്സിനെ അലട്ടുന്ന സംഗതിയാണ്. 1991ൽ നരസിംഹറാവു സർക്കാർ കൊണ്ടുവന്ന നിയമം ബാബരി മസ്ജിദ് ഒഴികെ രാജ്യത്തെ സകല ആരാധനാലയങ്ങൾക്കും ബാധകമാക്കിയിരുന്നു. ബാബരി മസ്ജിദ് രാമജന്മഭൂമി ക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി ഹിന്ദുത്വ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലാണ് ഒരേയൊരു ആരാധനാലയത്തെ മാത്രം ആ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത്.
ഇന്ത്യയുടെ സാമൂഹിക-സാമുദായിക അന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്ന സമാനമായ അവകാശത്തർക്കങ്ങൾ മേലിൽ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് അത്തരമൊരു നിയമം രൂപവത്കരിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. അത് നിലനിൽക്കുന്നിടത്തോളം, രാജ്യത്തെ ഒരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവം മാറ്റാൻ നിയമപരമായി സാധ്യമല്ല. ബാബരി മസ്ജിദിനു ശേഷം ഗ്യാൻവാപി പള്ളിയുടെയും ശാഹി ഈദ് ഗാഹ് പള്ളിയുടെയും നിയന്ത്രണം ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ മുന്നോട്ടുവരുേമ്പാൾ കേന്ദ്രം മറ്റൊരു വഴി തേടിയിരിക്കുന്നുവെന്നത് കൗതുകകരം തന്നെ.
നിയമവിരുദ്ധമായ ഈ അവകാശവാദങ്ങൾ ഉയർന്നിട്ടും നിശ്ശബ്ദത പാലിച്ചുപോരുന്ന സർക്കാർ 2020 മുതൽ സുപ്രീംകോടതിയിലും ഈ വിഷയത്തിൽ മൗനം പുലർത്തുന്നുവെന്നതാണ് അതിലേറെ ദൗർഭാഗ്യകരമായ വസ്തുത.ലഖ്നോ കേന്ദ്രമായി പ്രവർത്തിക്കുന്ന വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് എന്ന സംഘടനയും ഹിന്ദുത്വ വിഷയങ്ങളിൽ സ്ഥിരം കേസ് നടത്തുന്ന അഡ്വ.അശ്വനി കുമാർ ഉപാധ്യായയും ചേർന്ന് ഈ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് 2020 ജൂണിൽ സുപ്രീം കോടതിയിൽ നൽകിയതാണ് ആരാധനാലയ നിയമത്തിനെതിരായ ആദ്യ ഹരജി.
വിഷയത്തിൽ അഭിപ്രായം തേടി സുപ്രീം കോടതി കേന്ദ്രത്തിന് പലതവണ നോട്ടീസ് അയച്ചു. സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അര ഡസൻ തവണയെങ്കിലും ആവർത്തിച്ചത് ഒരേ കാര്യമാണ്-ഈ വിഷയത്തിൽ ‘‘സമഗ്രമായ ഒരു മറുപടി നൽകാൻ സമയം വേണം’’ എന്നുമാത്രം.
2023 ജനുവരി 10ന്, വിഷയം പരിഗണനക്കെടുത്തപ്പോൾ കേന്ദ്രം ‘ആലോചന’ നടത്തിവരുകയാണെന്നും അതിനാൽ കുറച്ച് സമയം കൂടി അനുവദിക്കണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഫെബ്രുവരി അവസാനം വരെ സമയമനുവദിക്കാമെന്ന് കോടതി അറിയിച്ചപ്പോൾ ‘‘അതിനുമുമ്പ് ഞങ്ങൾ സത്യവാങ്മൂലം ഫയൽ ചെയ്യാം’’ എന്ന് മറുപടി നൽകിയതല്ലാതെ പാലിക്കപ്പെട്ടില്ല. 2023 ജൂലൈ 11ന്, കേസ് വീണ്ടും വാദം കേൾക്കാൻ വന്നപ്പോൾ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്നെയും കൂടുതൽ സമയം ചോദിച്ചു.
2023 ഒക്ടോബർ 31ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴും സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചില്ല. 2025 ജനുവരി 12നകം സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി വീണ്ടും നിർദേശിച്ച സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ അത് അനുസരിക്കുമോ, വീണ്ടും ഇതുപോലെ മൗനവ്രതം തുടരാൻ സുപ്രീം കോടതി അനുവദിക്കുമോ എന്ന് കാത്തിരുന്നു കാണുകയേ നിർവാഹമുള്ളൂ.
അതേസമയം, സുപ്രീം കോടതി തീരുമാനത്തെ ശ്ലാഘിച്ച അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ഇത് രാജ്യത്തുടനീളമുള്ള പള്ളികളെ ഉന്നമിട്ട് തുടരുന്ന ക്ഷുദ്ര പ്രവർത്തനങ്ങൾക്ക് തടയിടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയും പുറപ്പെടുവിച്ചു. അശാന്തിയും അസ്ഥിരതയും പടർത്താനുള്ള ശ്രമങ്ങൾ തടഞ്ഞ് നിയമവാഴ്ച ഉറപ്പാക്കാനായി ആരാധനാലയ നിയമത്തിൽ വ്യക്തവും ക്രിയാത്മകവുമായ നിലപാട് സ്വീകരിക്കണമെന്നും അവർ സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നു.
രാജ്യം മുൾമുനയിലാണ്,അതീവ സങ്കീർണമായ സാഹചര്യത്തിൽ ഈ നിർണായക വിഷയത്തിൽ മൗനം തുടരുകയെന്നത് ഒരു ജനാധിപത്യ രാജ്യത്തെ ഭരണകൂടത്തിന് ഭൂഷണമല്ല. അക്കാര്യം നമ്മുടെ ഭരണാധികാരികൾ തിരിച്ചറിയുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇന്ത്യയുടെ ഭാവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.