ന്യൂഡല്‍ഹി: വി.എസ്. അച്യുതാനന്ദന്‍െറ പദവി, പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് ചങ്ങാത്തത്തിന്‍െറ ഭാവി എന്നീ വിഷയങ്ങളില്‍ വ്യക്തത നല്‍കാന്‍ സി.പി.എം പ്രയാസപ്പെടുന്നതിനിടെ വെള്ളിയാഴ്ച പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗവും തുടര്‍ന്നുള്ള മൂന്നുദിവസങ്ങളില്‍ കേന്ദ്രകമ്മിറ്റി യോഗവും ഡല്‍ഹിയില്‍ ചേരും.

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ അവലോകനമാണ് നേതൃയോഗത്തിന്‍െറ അജണ്ട. കോണ്‍ഗ്രസ് ബന്ധവും വി.എസും അജണ്ടയിലെ ഇനങ്ങളല്ളെന്ന് നേതാക്കള്‍ ഇതിനകം വിശദീകരിച്ചിട്ടുണ്ടെങ്കിലും ഈ രണ്ടു കാര്യങ്ങളിലും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങളാണ് യോഗങ്ങളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.
യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവര്‍ ഡല്‍ഹിയിലത്തെിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാവായ വി.എസ്. അച്യുതാനന്ദന്‍ വെള്ളിയാഴ്ച എത്തിയേക്കും.

വി.എസിന്‍െറ പദവിക്കു പുറമെ, അദ്ദേഹത്തിനെതിരെ ഒൗദ്യോഗികപക്ഷം നല്‍കിയ പരാതി പരിഗണിക്കുന്ന പി.ബി കമീഷന്‍െറ നടപടി അവസാനിപ്പിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകേണ്ടതുണ്ട്. കമീഷന്‍െറ അന്വേഷണ നടപടി അവസാനിപ്പിക്കാതെ വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താനാവില്ല.  സെക്രട്ടേറിയറ്റില്‍ വി.എസിനെ ഉള്‍പ്പെടുത്താന്‍ പാകത്തില്‍ നടപടി അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ മുന്നോട്ടുവെച്ചേക്കും.

വി.എസ് വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നതടക്കം ഗുരുതര പരാതികളാണ് പി.ബി കമീഷന് മുമ്പാകെയുള്ളത്. കമീഷന്‍ രൂപവത്കരിച്ചിട്ട് ഒരുതവണ മാത്രമാണ് യോഗംചേര്‍ന്നത്. കാര്യമായ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ല. നടപടിയെടുത്ത് സംസ്ഥാന ഘടകത്തില്‍ പ്രതിസന്ധിയുണ്ടാക്കേണ്ടതില്ളെന്ന കേന്ദ്ര നിലപാടാണ് കമീഷന്‍െറ ഗതിവേഗം ഇല്ലാതാക്കിയത്.

കാബിനറ്റ് റാങ്കോടെ വി.എസിന് പദവി നല്‍കാന്‍ നേരത്തെ പി.ബി നിര്‍ദേശിച്ചതാണ്. എന്നാല്‍, കുറിപ്പുവിവാദം കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചു. വെച്ചുനീട്ടുന്ന ഏതെങ്കിലും പദവി ഏറ്റെടുക്കാന്‍ വി.എസും കനപ്പെട്ട പദവി കൊടുക്കാന്‍ ഒൗദ്യോഗികപക്ഷവും മടിച്ചുനില്‍ക്കുന്നു. വി.എസിന്‍െറ പദവി നേതൃയോഗത്തിന്‍െറ അജണ്ടയിലില്ളെന്ന് യെച്ചൂരി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

എങ്കിലും വിഷയം നേതൃത്വത്തിന് അവഗണിക്കാന്‍ കഴിയുന്നതല്ല. ഇരുകൂട്ടരുമായി ഒത്തുതീര്‍പ്പ് സംഭാഷണവും നടക്കും. സി.പി.എമ്മിനെ കടത്തിവെട്ടി കോണ്‍ഗ്രസ് രണ്ടാമത്തെ പ്രധാന കക്ഷിയായിത്തീര്‍ന്ന പശ്ചിമ ബംഗാളില്‍, കോണ്‍ഗ്രസുമായുള്ള സഹകരണം തുടരണമെന്ന സംസ്ഥാനഘടകത്തിന്‍െറ നിലപാട് കേന്ദ്രനേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്.

കേരളഘടകവും മറ്റും എതിര്‍ക്കുന്നതിനു പുറമെ, പശ്ചിമ ബംഗാളിലെ ഒരുവിഭാഗവും ഇടതു മുന്നണി കക്ഷികളും സഖ്യത്തെ ശക്തമായി എതിര്‍ക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് നയത്തിന് വിരുദ്ധമായ പരസ്യ സഖ്യത്തിന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രയാസപ്പെടുകയാണ് ഇപ്പോള്‍ കേന്ദ്രനേതൃത്വം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.