ഇശ്റത് ജഹാന്‍ കേസിലെ കാണാതായ ഫയലുകള്‍: റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയേക്കും

ന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ കാണാതായ ഫയലുകള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച പരസ്യപ്പെടുത്തിയേക്കും. ഫയലുകള്‍ കാണാതായത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി.കെ. പ്രസാദിന്‍െറ ഏകാംഗ കമീഷനാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിന്‍െറ ഭാഗമായി നടത്തുന്ന ചോദ്യംചെയ്യലില്‍ നല്‍കേണ്ട മറുപടി ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരെ ചൊല്ലിപഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. വ്യാജവിവാദമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. വിവാദത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതെന്ന് അറിയുന്നു. തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്‍െറ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുമെന്നാണ് വിവരം.
2009 സെപ്റ്റംബര്‍ 18നും 28നുമിടയില്‍, കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ, കേസിലെ രേഖകള്‍, അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുത്തിയെന്നാണ് സമിതിയുടെ കണ്ടത്തെല്‍. കാണാതായ അഞ്ച് രേഖകളില്‍ ഒന്നു മാത്രമാണ് കണ്ടത്തൊനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.