വിമാനക്കമ്പനികൾ ബ്ലേഡ് സ്ഥാപനങ്ങളെ പോലെ -എ.കെ ആന്‍റണി

ന്യൂഡൽഹി: ബ്ലേഡ് സ്ഥാപനങ്ങളെ പോലെയാണ് ഗൾഫിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. വിമാന യാത്രാ നിരക്ക് ഒാരോ ദിവസവും വർധിപ്പിക്കുകയാണെന്നും ആന്‍റണി പറഞ്ഞു. പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയതടക്കം കേന്ദ്രസര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അത്യാവശ്യ യാത്രക്കാരാണ് യാത്രാ നിരക്ക് വർധനവിന്‍റെ ദുരിതം പേറുന്നത്. 12,000 രൂപ യാത്രാ നിരക്കുള്ള റൂട്ടിൽ ഒരു ലക്ഷം രൂപ വരെ വർധിപ്പിച്ചുണ്ട്. വിമാനക്കമ്പനികളുടെ കൊള്ളയടി സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസി വകുപ്പ് പുനഃസ്ഥാപിക്കാനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം കോൺഗ്രസ് ആരംഭിക്കും. പ്രവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന സമരങ്ങൾക്ക് കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും ആന്‍റണി വ്യക്തമാക്കി.

കെ.സി വേണുഗോപാൽ എം.പി, എം.എം ഹസൻ, എ.ഐ.സി.സി വക്താവ് പി.സി ചാക്കോ എന്നിവർ ധർണയിൽ പങ്കെടുത്തു.

പ്രവാസികാര്യ മന്ത്രാലയം പുനഃസ്ഥാപിക്കണമെന്നത് അടക്കം അഞ്ചിന ആവശ്യങ്ങളാണ് ഒ.ഐ.സി.സി പ്രധാനമായും ഉന്നയിക്കുന്നത്. കോഴിക്കോട് വിമാനത്താവള വികസനം വേഗത്തിലാക്കുക, എയര്‍കേരള തടസങ്ങള്‍ നീക്കുക, ഗള്‍ഫ് മേഖലയില്‍നിന്ന് അവധിവേളകളില്‍ വിമാന ചാര്‍ജ് കുത്തനെ വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടി തടയാന്‍ ഇടപെടുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.