ഇന്ത്യ–പാക് വിദേശ മന്ത്രിതല ചര്‍ച്ച നേപ്പാളില്‍

ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ഈ മാസം 16ന് തുടങ്ങുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ (സാര്‍ക്) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചക്ക് കളമൊരുങ്ങുന്നു. സമ്മേളനത്തിന്‍െറ അവസാനദിനമായ 17ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാകിസ്താന്‍ വിദേശകാര്യ മന്ത്രി സര്‍താജ് അസീസും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകറിയ അറിയിച്ചു.

ഈ വര്‍ഷം പാകിസ്താനില്‍ നടക്കുന്ന സാര്‍ക് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള  രാഷ്ട്രത്തലവന്മാര്‍ക്കുള്ള ക്ഷണക്കത്തും പാക് മന്ത്രി കൈമാറിയേക്കും. പ്രധാനമന്ത്രിക്കുള്ള ക്ഷണക്കത്ത് കൈമാറാന്‍ സര്‍താജ് അസീസ് സമയം ചോദിച്ചതായി ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ ഒമ്പതിന് സുഷമയും സര്‍താജും ചര്‍ച്ച നടത്തിയിരുന്നു.

നേപ്പാളിലെ സുഖവാസകേന്ദ്രമായ പൊക്രയിലാണ് സാര്‍ക് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം.  വിവാദവിഷയങ്ങളും വാണിജ്യ, വ്യവസായ രംഗവും ചര്‍ച്ചയില്‍ വിഷയമായേക്കും. ജനുവരിയില്‍ ഇസ്ലാമാബാദില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് വഴിമുട്ടുകയായിരുന്നു. ഈ മാസം അവസാനം യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ആതിഥേയനാകുന്ന ആണവ സുരക്ഷാ സമ്മേളനത്തിനിടെ മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ ചര്‍ച്ച നടത്തുന്നതിനുള്ള സാധ്യതകളും സുഷമ- സര്‍താജ് കൂടിക്കാഴ്ചയില്‍ ആരായും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.