മോദിയെ വാനോളം പുകഴ്ത്തി വെങ്കയ്യ; മറ്റ് നേതാക്കൾക്ക് അതൃപ്തി

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നിർവാഹക സമിതിയിലെ രാഷ്ട്രീയ പ്രമേയാവതരണത്തിനിടെ പ്രധാനമന്ത്രി  നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. നരേന്ദ്ര മോദി ഇന്ത്യക്ക് ലഭിച്ച സമ്മാനവും പാവപ്പെട്ടവരുടെ രക്ഷകനുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലായിടത്തുനിന്നും മോദി ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടു, എന്നാല്‍ ഇതിനെയെല്ലാം അദ്ദേഹം അതിജീവിച്ചു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ടൈം മാഗിസിന്‍ തെരെഞ്ഞെടുത്തതും മോദിയെയാണ്. വെങ്കയ്യ നായിഡു പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍െറ നേതാവാണ് മോദി. ട്വിറ്ററില്‍ 1.8 കോടി ആരാധകരും ഫേസ്ബുക്കില്‍ 3.2 കോടി ലൈക്കും ലഭിച്ച വ്യക്തി. ലണ്ടനില്‍ മെഴുക് മ്യൂസിയത്തില്‍  പ്രതിമ സ്ഥാപിക്കുന്നതോടെ അദ്ദേഹത്തിന്‍റെ പ്രശസ്തി ഇനിയും ഉയരും. നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോള്‍ മോദി സഹായിച്ചു, ഇന്ത്യ-അഫ്ഗാനിസ്താന്‍ ബന്ധം ശക്തിപ്പെടുത്തി, ബംഗ്ളാദേശുമായി അതിര്‍ത്തി കരാര്‍ ഒപ്പുവെച്ചു, സാര്‍ക് രാജ്യങ്ങളുമായുള്ള സഹകരണത്തിന് മുന്‍കൈയ്യെടുത്തു, സമാധാന സംഭാഷണത്തിന് പാകിസ്താന്‍ സന്ദര്‍ശിച്ചു. മോദിയുടെ പ്രശസ്തിക്ക് കാരണങ്ങൾ ധാരാളമുണ്ടെന്ന് വെങ്കയ്യ പറഞ്ഞു.

രണ്ടു ദിവസമായി നടന്ന ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതിയുടെ അവസാന ദിവസമായ ഞായറാഴ്ചയാണ് നായിഡു മോദിയെ പ്രശംസ കൊണ്ട് മൂടിയത്.എന്നാല്‍ മറ്റ് നേതാക്കള്‍ ഇതേപ്പറ്റി പ്രതികരിക്കാന്‍ വിസമ്മതിച്ചു. വെങ്കയ്യ നായിഡുവിന്‍റെ പ്രസ്താവന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്‍െറ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ താനത് കേട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. രാഷ്ട്രീയ പ്രമേയത്തെക്കുറിച്ചു മാധ്യമങ്ങളോട് വിശദീകരിച്ച കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയും വെങ്കയ്യയുടെ സ്തുതിപാടലിനെക്കുറിച്ച് പരാമർശിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.