യു.പിയില്‍ ബ്രാഹ്മണ വോട്ട് സ്വാധീനിക്കണമെന്ന് കോണ്‍ഗ്രസിനോട് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണ വോട്ട് സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. 
ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു മുമ്പ് യു.പിയിലെ തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ ബ്രാഹ്മണ വോട്ടുകളെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. 10 ശതമാനം ബ്രാഹ്മണ വോട്ട് യു.പിയിലുണ്ട്. ബി.ജെ.പിയുടെ വളര്‍ച്ചയോടെയാണ് കോണ്‍ഗ്രസിന് ഈ വോട്ടുബാങ്കിലുള്ള സ്വാധീനം ക്ഷയിച്ചത്. ഓരോ കൊല്ലം കഴിയുന്തോറും ബി.ജെ.പിക്ക് ബ്രാഹ്മണ വോട്ടിലുള്ള സ്വാധീനം കുറയുന്നതായി പഠനമുണ്ട്. 
2012ല്‍ സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ വന്നത് 19 ശതമാനം ബ്രാഹ്മണ വോട്ടു നേടിയാണ്. അത്രയും തന്നെ വോട്ട് ബി.എസ്.പിക്കും ലഭിച്ചു. യു.പിയില്‍ 27 കൊല്ലമായി അധികാരത്തിനു പുറത്തു നില്‍ക്കുന്ന കോണ്‍ഗ്രസിന് ബ്രാഹ്മണ വോട്ടുകള്‍ കൂടുതല്‍ കിട്ടാനുള്ള സാധ്യത ഇപ്പോഴുണ്ടെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി എന്നിവയോടുള്ള ആഭിമുഖ്യം ബ്രാഹ്മണര്‍ക്കിടയില്‍ കുറഞ്ഞതാണ് അനുകൂല അന്തരീക്ഷം. 
കോണ്‍ഗ്രസ് സംസ്ഥാനത്തു വിജയിക്കാനോ അധികാരത്തില്‍ വരാനോ ഉള്ള സാധ്യത തെളിയാതെ യു.പിയിലെ മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യില്ളെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ബാബരി മസ്ജിദിന്‍െറ തകര്‍ച്ചയോടെ ബി.എസ്.പിക്കും സമാജ്വാദി പാര്‍ട്ടിക്കുമാണ് പ്രധാനമായും മുസ്ലിം വോട്ട് ലഭിക്കുന്നത്. 
ബ്രാഹ്മണ സമൂഹവുമായുള്ള പാലം ബലപ്പെടുത്തിയാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്നും വിലയിരുത്തുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടു തട്ടിലാണ്. മുന്നാക്ക വോട്ടുകളെ സ്വാധീനിക്കാനുള്ള ശ്രമം പിന്നാക്ക വോട്ടു ചോര്‍ത്തുമെന്നാണ് അവരുടെ പക്ഷം. 
2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി നേതാവ് മായാവതി 89 ബ്രാഹ്മണര്‍ അടക്കം 139 സവര്‍ണ ജാതിക്കാര്‍ക്ക് സീറ്റ് കൊടുത്തിരുന്നു. എന്നാല്‍, പിന്നാക്ക വോട്ടുകളുടെ ശക്തമായ അടിത്തറ മായാവതിക്കുണ്ടെന്നും കോണ്‍ഗ്രസിന് അതില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.