നാഗ്പൂര്‍: ഈ കിണറിലെ വെള്ളത്തിന് രുചിയുണ്ട്. അത് പച്ചവെള്ളത്തിന്‍റെ വെറും രുചിയല്ല. പ്രതികാരത്തിന്‍റെ ഇരട്ടി ‘മധുര’മാണ്. താഴ്ന്ന ജാതിക്കാരായതിനാല്‍ ഭാര്യയെ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നത് തടഞ്ഞയാളോടും അയാള്‍ അടക്കമുള്ളവര്‍ തീറ്റിപ്പോറ്റുന്ന വ്യവസ്ഥയോടുമുള്ള പ്രതികാരമായിരുന്നു ബാപുറാവു തജ്നെ എന്ന യുവാവിന്‍റേത്. 40 ദിവസം നീണ്ട കിണര്‍ കുഴിക്കല്‍ യഞ്ജം ഒടുവില്‍ വിജയിച്ചു. കത്തിയാളുന്ന ചൂടില്‍ വരണ്ടുപോയ ഒരു ദേശത്തിന്‍റെ തന്നെ ദാഹം തീര്‍ക്കുന്നതായി ഈ കിണര്‍ മാറുന്ന കാഴ്ചയായിരുന്നു പിന്നീട്.
കടുത്ത വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ ആണ് സംഭവം. ഒരു കൂലിത്തൊഴിലാളിയായ ബാപുറാവു തജ്നെക്ക് മുമ്പൊരിക്കലും കിണര്‍ കുഴിച്ച പരിചയമില്ല. സാധാരണ നാലും അഞ്ചു പേര്‍ ചേര്‍ന്നാലേ ഇവിടങ്ങളില്‍ കിണര്‍ കുഴിക്കാനാവൂ. എന്നാല്‍പോലും വെള്ളം ലഭിക്കാനുള്ള സാധ്യതയുമില്ല. ഈ പരിസരത്ത് മൂന്നു കിണറുകള്‍ കുഴിച്ചിട്ടുണ്ടെങ്കിലും മൂന്നിലും വെള്ളം കണ്ടിരുന്നില്ല. എന്നാല്‍, ആരുടെയും സഹായമില്ലാതെയാണ് തജ്നെ കിണര്‍ കുഴിച്ചത്. ദിവസവും ആറു മണിക്കൂര്‍ ആണ് ഇതിനായി യുവാവ് ചെലവഴിച്ചത്. ജോലിക്ക് പോവുന്നതിന് മുമ്പ് രണ്ട് മണിക്കൂറും കഴിഞ്ഞ് വന്നതിനുശേഷം നാലു മണിക്കൂറും. ഈ നാല്‍പത് ദിവസത്തിനിടെ വിശ്രമം പോലുമില്ലായിരുന്നു.
കുടുംബത്തിലെ അംഗങ്ങളെ പോലും സഹായത്തിന് അടുപ്പിച്ചില്ല. കടുത്ത പാറകളെ പോലും പൊട്ടിച്ച് അയാള്‍ പണി തുടര്‍ന്നു. എല്ലാവരും തജ്നെക്ക് ഭ്രാന്താണെന്ന് കരുതി. ഗ്രാമവസികള്‍ ഇയാളെ പരിഹസിക്കാന്‍ വരെ തുടങ്ങിയിരുന്നു. എന്നിട്ടും വെള്ളം കണ്ടേ അടങ്ങൂ എന്ന തീരുമാനത്തില്‍ നിന്ന് യുവാവ് പിന്‍മാറിയില്ല. ഒടുവില്‍ ദൃഢനിശ്ചയത്തിനുമുന്നില്‍ മണ്ണും പാറയും വഴിമാറി. ആഴങ്ങളില്‍ കണ്ണീര്‍ പോലെ തെളിഞ്ഞ വെള്ളം തിളങ്ങി. കുടിവെള്ളത്തിന് മറ്റു പലരെയും ആശ്രയിച്ചിരുന്ന മുഴുവന്‍ ഗ്രാമവാസികളും തജ്നെയുടെ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ എത്തി.
ഭാര്യക്ക് കുടിവെള്ളം നിഷേധിച്ചയാളുടെ പേര് പറയില്ളെന്നും ഗ്രാമത്തില്‍ ചോര ചിന്താന്‍ ആഗ്രഹിക്കുന്നില്ളെന്നും യുവാവ് പറയുന്നു. ‘ഞങ്ങള്‍ ദരിദ്രരും ദലിതരും ആയതുകൊണ്ടാണ് അയാള്‍ അവഹേളിച്ചത്. ആ ദിവസം വീട്ടിലത്തെിയ ഞാന്‍ ഇതറിഞ്ഞ് കുറെയേറെ കരഞ്ഞു. ഇനിയൊരിക്കലും കുടിവെള്ളത്തിനായി ആരുടെയും മുന്നില്‍ കൈനീട്ടില്ളെന്ന് അതോടെ തീരുമാനമെടുത്തു. തൊട്ടടുത്ത ടൗണില്‍പോയി കിണര്‍ കുഴിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങി. വീട്ടില്‍ തിരിച്ചത്തെിയ ഉടന്‍ കിണര്‍ കുഴിക്കാന്‍ തുടങ്ങി’.
തജ്നെ കിണര്‍ കുഴിച്ച സ്ഥലത്ത് ജല സാധ്യതക്കുള്ള പഠനങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. ഒരു ഉള്‍വിളിയനുസരിച്ച് അയാള്‍ ആ സ്ഥാനം തിരഞ്ഞെടുക്കുകയായിരുന്നു. ‘ജോലി തുടങ്ങുന്നതിന് മുമ്പ് നന്നായി ദൈവത്തോട് പ്രാര്‍ഥിച്ചു. ഞാന്‍ ദൈവത്തോട് വളരെയധികം നന്ദിയുള്ളവനാണിന്ന്. കാരണം എന്‍്റെ പരിശ്രമം ദൈവം തിരിച്ചറിഞ്ഞിരിക്കുന്നു’- ബി.എ അവസാന വര്‍ഷം വരെ പഠിച്ച യുവാവിന്‍റെ വാക്കുകള്‍ ആണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.