ലാഹോർ: 2008ലെ മുബൈ ഭീകരാക്രമണ കേസിൽ ലശ്കറെ ത്വയ്യിബ നേതാവ് സകിയൂർ റഹ്മാൻ ലഖ് വിക്കെതിരെ കൊലപാതക പ്രേരണാ കുറ്റം ചുമത്തി. ലഖ് വി അടക്കം ഏഴു പേർക്കെതിരെയാണ് പാക് ഭീകര വിരുദ്ധ കോടതി കുറ്റം ചുമത്തിയത്. 2008 നവംബർ 26ന് ഭീകരാക്രമണം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകനായ ലഖ് വിക്കെതിരെ കുറ്റം ചുമത്തുന്നത്.
ഏഴു പ്രതികൾക്കെതിരെ കൊലപാതക പ്രേരണാ കുറ്റം ചുമത്തണമെന്ന് ചൂണ്ടിക്കാട്ടി ഇസ് ലാമാബാദിലെ ഭീകരവിരുദ്ധ കോടതിക്ക് രണ്ടു മാസം മുമ്പ് പ്രോസിക്യൂഷൻ വിഭാഗം അപേക്ഷ നൽകിയിരുന്നു. അതേസമയം, കുറ്റം ചുമത്തിയ സഹാചര്യത്തിൽ കേസിലെ പ്രതികളെ ക്രോസ് വിസ്താരം ചെയ്യാനുള്ള പ്രോസിക്യൂഷൻ ആവശ്യത്തിന് കോടതി അനുമതി നൽകിയില്ല.
പ്രതികൾക്കെതിരായ കേസ് ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രേരണാ കുറ്റം ചുമത്തണമെന്ന വാദം പ്രോസിക്യൂഷൻ ഉന്നയിച്ചത്. കൊലപാതക പ്രേരണാ കുറ്റം ചുമത്തുന്നത് സംബന്ധിച്ച ഇരുവിഭാഗം അഭിഭാഷകരുടെ വാദങ്ങൾ കഴിഞ്ഞ മാർച്ചിൽ പൂർത്തിയായിരുന്നു. ശേഷം കേസ് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.
2008 നവംബറിൽ മുംബൈയിൽ 10 പാക് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ ആറ് യു.എസ് പൗരന്മാരടക്കം 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.