ഇസ് ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍റെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കിയ നാലു പേര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: ഡോ. സാകിര്‍ നായികിന്‍െറ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇസ്ലാമിക റിസര്‍ച് ഫൗണ്ടേഷന്‍െറ എഫ്.ആര്‍.സി.എ രജിസ്ട്രേഷന്‍ പുതുക്കിനല്‍കിയതിന് ആഭ്യന്തര മന്ത്രാലയത്തിലെ നാലു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സംഘടനക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതിയാണ് വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.ആര്‍.സി.എ) പ്രകാരമുള്ള രജിസ്ട്രേഷന്‍. സാകിര്‍ നായികിനും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനുമെതിരെ ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുന്നതിനിടെ, രജിസ്ട്രേഷന്‍ പുതുക്കിനല്‍കി എന്ന കുറ്റംചുമത്തിയാണ് നടപടി. കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം തയാറായില്ല.  

എഫ്.ആര്‍.സി.എ രജിസ്ട്രേഷന്‍ നേടിയ സംഘടനകള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പുതുക്കണം. ഇതനുസരിച്ച് ഫൗണ്ടേഷന്‍ നല്‍കിയ അപേക്ഷപ്രകാരം ആഗസ്റ്റ് 19നാണ് പുതുക്കിനല്‍കിയത്. നിയമപ്രകാരമുള്ള രേഖകളനുസരിച്ചാണ് രജിസ്ട്രേഷന്‍ പുതുക്കിയതെന്നും അനധികൃതമായി ഒന്നും നടന്നിട്ടില്ളെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ പറഞ്ഞു. ഭീകരവാദം ആരോപിച്ച് സാകിര്‍ നായികിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കാനും ഫൗണ്ടേഷനെ നിരോധിക്കാനും ആഭ്യന്തര മന്ത്രാലയത്തില്‍ ആലോചന സജീവമാണ്.

സാകിര്‍ നായികിന്‍െറ പ്രസംഗങ്ങളും ടി.വി ഷോകളും തീവ്രവാദത്തിന് പ്രേരണനല്‍കിയെന്നും മതപ്രബോധന സംവാദങ്ങള്‍ സംഘടിപ്പിച്ചതുവഴി ഫൗണ്ടേഷന്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റം ചുമത്താനാണ് നീക്കം. ധാക്ക ഭീകരാക്രമണം നടത്തിയ ചിലരുടെ പ്രചോദനം സാകിര്‍ നായികാണെന്ന് ബംഗ്ളാദേശിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും സാകിര്‍ നായികിനെതിരെ തിരിഞ്ഞത്.

കേരളത്തില്‍നിന്ന് ഏതാനും പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസില്‍ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനിലെ അര്‍ഷി ഖുറേഷി, റിസ്വാന്‍ ഖാന്‍ എന്നിവരെ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെ അറസ്റ്റും തീവ്രവാദ ബന്ധമുള്ള കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഏതാനും പേരുടെ മൊഴികളുമാണ്  സാകിര്‍ നായികിനെതിരായി പൊലീസിന്‍െറ തെളിവ് ശേഖരത്തിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.