അഗതികളുടെ അമ്മ ഇനി 'കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ'

വത്തിക്കാന്‍ സിറ്റി: അഗതികളുടെ അമ്മ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്. കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദർ തെരേസ അറിയപ്പെടുക. സാർവത്രിക സഭക്ക് ഇനി മദറിനെ വണങ്ങാം.

മദർ തെരേസ വിശുദ്ധ പദവിക്ക് അർഹയാണെന്നും പ്രഖ്യാപനം നടത്തണമെന്നും മാർപാപ്പയോട് കർദിനാൾ ആഞ്ചലോ അഭ്യർഥിച്ചു. മദറിന്റെ ലഘുജീവചരിത്രവും വായിച്ചു. 31 വിശുദ്ധരോട് അപേക്ഷ അർപ്പിക്കുന്ന ലുത്തിനിയ നടന്നു. തുടർന്ന് സിസ്റ്റർ ക്ലെയർ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താരയിൽ മദറിന്റെ തിരുശേഷിപ്പ് സ്ഥാപിക്കുകയായിരുന്നു. പ്രത്യേകം തയാറാക്കിയ കാരുണ്യവർഷ ഗാനത്തോടെയാണു ചടങ്ങുകൾക്കു തുടക്കമായത്. അൽബേനിയ, ഫ്രഞ്ച്, ബംഗാളി, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിൽ മധ്യസ്ഥ പ്രാർഥനയുണ്ടായി.

മദർ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നു
 


ലോകമെമ്പാടുനിന്നും സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെ മുഖ്യ ചത്വരത്തിലേക്ക് ജനലക്ഷങ്ങള്‍ ഒഴുകിയത്തെിയിരുന്നു.  സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ വത്തിക്കാന്‍ സമയം രാവിലെ 10.30നാണ് (ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടിന്) വിശുദ്ധ പ്രഖ്യാപന ചടങ്ങുകൾ തുടങ്ങിയത്. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ അര്‍പ്പിക്കുന്ന സമൂഹ ദിവ്യബലിക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

പ്രാരംഭ പ്രാര്‍ഥന മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ ശനിയാഴ്ച തുടങ്ങിയിരുന്നു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ മദറിന്‍െറ ഛായാചിത്രം ഉയർത്തി. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചടങ്ങില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്യാസിനികള്‍ സന്നിഹിതരാകും.

സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഉയർത്തിയ മദറിന്‍െറ ഛായാചിത്രം
 


മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ രണ്ട് അദ്ഭുതപ്രവൃത്തികള്‍ നടന്നതായി സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് അവരെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചത്. അദ്ഭുതപ്രവൃത്തി നടന്നുവെന്ന സാക്ഷ്യപ്പെടുത്തലിന് വത്തിക്കാന്‍െറ ആദ്യ അംഗീകാരമുണ്ടായത് 2002ലാണ്. വയറ്റില്‍ അര്‍ബുദം ബാധിച്ച മോണിക്ക ബെസ്റയെന്ന ബംഗാളി ആദിവാസി സ്ത്രീയുടെ രോഗം ഭേദപ്പെടുത്തിയതായിരുന്നു ഒന്ന്. മദറിന്‍െറ പ്രാര്‍ഥനയിലൂടെ രോഗം ഭേദപ്പെട്ടതായി പിന്നീട് ബ്രസീലില്‍നിന്ന് സാക്ഷ്യപ്പെടുത്തലുണ്ടായി. ഇതും സഭ അംഗീകരിച്ചതോടെയാണ് അവരുടെ വിശുദ്ധ പദവിയിലേക്ക് വഴി തുറന്നത്.

ഇന്ന് മുംബൈയിൽ പ്രകാശനം ചെയ്ത മദർ തെരേസ അനുസ്മരണ തപാൽ സ്റ്റാമ്പിൻെറ ബോർഡിന് സമീപം നിൽക്കുന്ന വനിതകൾ.
 


കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്. എം.പിമാരായ കെ.വി. തോമസ്, ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി എന്നിവരും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും സംഘത്തിലുണ്ട്. ഒൗദ്യോഗിക സംഘത്തിനുപുറമെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘവും വത്തിക്കാനിലത്തെിയിട്ടുണ്ട്. 45 ബിഷപ്പുമാരും ഇന്ത്യയില്‍നിന്ന് വത്തിക്കാനില്‍ എത്തി. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങിനോടനുബന്ധിച്ച് മദറിന്‍െറ പ്രവര്‍ത്തനകേന്ദ്രമായിരുന്ന കൊല്‍ക്കത്തയിലും പരിപാടികള്‍ നടന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.