ഹുര്‍റിയത് ചെയ്തത് കശ്മീരിത്വത്തിന് ചേര്‍ന്നതല്ലെന്ന്​ – രാജ്​നാഥ്​സിങ്​

ന്യൂഡല്‍ഹി: കശ്മീര്‍ സര്‍വകക്ഷി സംഘവുമായി സംഭാഷണത്തിന് വിസമ്മതിച്ച് വസതിയിലേക്ക് പ്രവേശം വിലക്കിയ ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്ക് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ വിമര്‍ശം. വിഘടിതരുടെ സമീപനം കശ്മീരിയത്തിനോ ഇന്‍സാനിയത്തിനോ (മാനവികത) ചേര്‍ന്നതായില്ളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം കശ്മീരില്‍നിന്ന് മടങ്ങുന്നതിനും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. സര്‍വകക്ഷി സംഘവുമായി സംഭാഷണത്തിന് ക്ഷണിച്ച് വിഘടനവാദികള്‍ക്ക് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കത്തെഴുതിയിരുന്നതാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. സര്‍വകക്ഷി സംഘത്തിലെ ഏതാനും അംഗങ്ങള്‍ ഹുര്‍റിയത് നേതാക്കളെ കാണാന്‍ പോവുകയും ചെയ്തു. അവര്‍ പോകണമെന്നോ വേണ്ടെന്നോ തങ്ങള്‍ പറഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം.

അതിന്‍െറ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എങ്കിലും തിരിച്ചുവന്ന സംഘാംഗങ്ങള്‍ നല്‍കിയ വിവരം വെച്ചു നോക്കിയാല്‍, വിഘടനവാദികള്‍ ചെയ്തത് കശ്മീരിയത്തിനോ മാനവികതക്കോ ചേര്‍ന്നതായില്ല. താഴ്വരയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ കഴിയുമെന്ന വിശ്വാസം മന്ത്രി പ്രകടിപ്പിച്ചു. കശ്മീര്‍ ഇന്നലെയും ഇന്നും നാളെയും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിയത്, ഇന്‍സാനിയത്, ജംഹൂരിയത് (സ്വാതന്ത്ര്യം) എന്നീ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ സമാധാനവും സാധാരണ നിലയും ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണ്. അതിന് തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികള്‍ സ്വയംഭരണാവകാശമെന്ന ആവശ്യം സര്‍വകക്ഷി സംഘത്തിനു മുമ്പാകെ വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിശദാംശങ്ങള്‍ തല്‍ക്കാലം പറയുന്നില്ളെന്നായിരുന്നു മറുപടി. വിഘടനവാദികളുമായി സംഭാഷണങ്ങളുടെ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഉദ്ദേശ്യമില്ളെന്നും  രാജ്നാഥ് സൂചിപ്പിച്ചു.

അക്രമാസക്ത ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റിനു പകരം മുളകു നിറച്ച ‘പവ’ ഗ്രനേഡുകള്‍ ഉപയോഗിക്കാന്‍ സുരക്ഷാ സേനയോട് നിര്‍ദേശിച്ചിട്ടുണ്ട്. കശ്മീരില്‍നിന്നുള്ളവര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നോഡല്‍ ഓഫിസറെ നിയോഗിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാനാണ് പാര്‍ലമെന്‍റും സര്‍ക്കാറും ശ്രമിക്കുന്നതെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍വകക്ഷി സംഘത്തിന്‍െറ കാര്യപരിപാടി എന്താണെന്ന് വ്യക്തതയില്ളെന്നും, ചര്‍ച്ചകള്‍ക്ക് ഭരണകൂടം ക്ഷണിച്ചിട്ടില്ളെന്നും ചൂണ്ടിക്കാട്ടിയാണ്  ഗീലാനി കഴിഞ്ഞ ദിവസം സംഭാഷണങ്ങള്‍ക്ക് തയാറാകാതിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.