മുസ്ലിം വ്യക്തിനിയമ പരിഷ്കരണം: കേന്ദ്രത്തിന്‍െറ മറുപടി നാലാഴ്ചക്കകം

ന്യൂഡല്‍ഹി: സ്ത്രീകളുമായി ബന്ധപ്പെട്ട മുസ്ലിം വ്യക്തിനിയമം പരിഷ്കരിക്കാനായി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള രണ്ട് ഹരജികളില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നാലാഴ്ചകൂടി സമയം നല്‍കി. വിഷയത്തില്‍ മറുപടി നല്‍കാന്‍ സമയം നീട്ടിനല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ചിന്‍െറ നടപടി. ഹിന്ദു പിന്തുടര്‍ച്ചാവകാശ കേസില്‍ വിധിപറയുന്നതിനിടെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹവും പരിശോധിക്കാന്‍ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലും മുത്ത്വലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലും മറുപടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടിചോദിച്ചത്. ഉത്തരാഖണ്ഡിലെ ശായറാ ബാനുവിന്‍േറതാണ് രണ്ടാമത്തെ ഹരജി.  രണ്ട് ഹരജികളും സുപ്രീംകോടതി ഒന്നിച്ചാണ് പരിഗണിക്കുന്നത്. തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കൂടി അടങ്ങുന്ന ബെഞ്ച് നാലാഴ്ച അനുവദിക്കുകയായിരുന്നു.

മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്ന ബഹുഭാര്യത്വം ഭരണഘടനാവിരുദ്ധമാണോ, മുസ്ലിം ഭര്‍ത്താവ് ഭാര്യയുടെയോ കോടതിയുടെയോ അനുമതിയില്ലാതെ ഒരേയിരുപ്പില്‍ മൂന്ന് മൊഴി ചൊല്ലുന്നത് ഭരണഘടനാവിരുദ്ധമാണോ, മുസ്ലിം ഭര്‍ത്താവ് ഒന്നിലേറെ ഭാര്യമാരെ നിലനിര്‍ത്തുന്നത് ക്രൂരമായ പ്രവൃത്തിയാണോ എന്നീ ചോദ്യങ്ങളാണ് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹത്തിന്‍െറ പേരില്‍ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉയര്‍ത്തിയത്.  വ്യക്തി നിയമം പരിഷ്കരിക്കാനുള്ള സുപ്രീംകോടതിയുടെ നീക്കം അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ചോദ്യം ചെയ്തതിന് പിറകെയാണ് കേന്ദ്രത്തിന്‍െറ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത്.  സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലൂടെ പുനഃപരിശോധനക്ക് വെച്ചിരിക്കുന്നത് മതവിശ്വാസികളുടെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അവ ചോദ്യം ചെയ്യുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു.

മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ച് തീര്‍പ്പുകല്‍പിക്കാന്‍ കോടതിക്കാവില്ളെന്നും ഓരോ വിശ്വാസ സംഹിതക്കും അതിന്‍േറതായ പ്രാധാന്യം ഇന്ത്യന്‍ നിയമവ്യവസ്ഥ അനുവദിച്ചതാണെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ത്വലാഖ് അപലപനീയമായ പ്രവൃത്തിയായിട്ടാണ് ഇസ്ലാം കാണുന്നതെന്നും ദൈവം ഇഷ്ടപ്പെടാത്ത ഈ പ്രവൃത്തി പ്രത്യേക സാമൂഹിക കാരണങ്ങളാല്‍ മാത്രമാണ് ഇസ്ലാം അനുവദിക്കുന്നതെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ ഭാര്യക്കും വ്യക്തിനിയമം അധികാരം നല്‍കുന്നുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി. മതം അനുവദിച്ച ഒരു കാര്യത്തില്‍ വിലക്ക് കൊണ്ടുവരുന്നത് അനുവദിക്കാനാവില്ളെന്നും അതിനാല്‍ മുത്ത്വലാഖ് രീതിക്ക് നിരോധനം ഏര്‍പ്പെടുത്താനാവില്ളെന്നുമാണ് ബോര്‍ഡിന്‍െറ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.