കശ്മീര്‍: രണ്ട് സൈനികരടക്കം ആറുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: സംഘര്‍ഷം തുടരുന്ന കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ ബുധനാഴ്ച രണ്ട് സൈനികരടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. അനന്ത്നാഗ് ജില്ലയില്‍ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സുരക്ഷാസേന പെല്ലറ്റും ടിയര്‍ഗ്യാസും ഉപയോഗിച്ചതിനിടെയാണ് നാലുപേര്‍ക്ക് പരിക്കേറ്റത്. കുപ്വാര ജില്ലയില്‍ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വെടിവെപ്പ് നടത്തി ഓടിരക്ഷപ്പെട്ട തീവ്രവാദികളെ പിടികൂടാന്‍ പരിശോധന ശക്തമാക്കി. സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് ബുധനാഴ്ച കശ്മീരില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി.

കര്‍ഫ്യൂ നീക്കിയ താഴ്വരയില്‍ ജനങ്ങള്‍ കൂടിനില്‍കുന്നതിനുള്ള നിയന്ത്രണം തുടരുകയാണ്. ക്രമസമാധാനനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് കര്‍ഫ്യൂ പൂര്‍ണമായും നീക്കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, വിഘടനവാദികള്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ താഴ്വര സാധാരണ നിലയിലായിട്ടില്ല. ബലിപെരുന്നാള്‍ അടുത്തുവന്ന സാഹചര്യത്തില്‍ കച്ചവടകേന്ദ്രങ്ങള്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ബന്ദില്‍ ഇളവ് നല്‍കിയിരുന്നു. ശ്രീനഗറിലെ പ്രധാന വാണിജ്യകേന്ദ്രമായ ലാല്‍ ചൗക്കടക്കം ഈ സമയത്ത് സജീവമായി. ബന്ദ്, വിഘടനവാദ സംഘടനകള്‍ ഈ മാസം 16വരെ നീട്ടിയിട്ടുണ്ട്.

അതിനിടെ, കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വിഡ്ഢികളാക്കുകയുമാണെന്ന പ്രസ്താവനയുമായി മീര്‍വാഇസ് ഉമര്‍ ഫാറൂഖ് നേതൃത്വം നല്‍കുന്ന ഹുര്‍റിയത് കോണ്‍ഫറന്‍സ് രംഗത്തുവന്നു. വിഘടനവാദി നേതാക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായ വാര്‍ത്ത പുറത്തുവിട്ടതിലൂടെ ഇന്ത്യക്കാരെ വിഡ്ഢികളാക്കുകയും ഉന്മാദാവസ്ഥ സൃഷ്ടിച്ച് ജനങ്ങളുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് തിരിക്കുകയുമാണെന്ന് സംഘടനാവക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്തണം. ജീവന് ഭീഷണിയുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ചില നേതാക്കള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ജമ്മു-കശ്മീര്‍ പൊലീസുകാരെയാണ് നിയമിച്ചത്. ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ച് കശ്മീരികളെ തെറ്റിദ്ധരിപ്പിക്കാനാവില്ളെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കശ്മീരില്‍ നടക്കുന്നത് ജനകീയ പ്രക്ഷോഭമാണെന്നും അതില്‍ ജനാഭിലാഷത്തോടൊപ്പം നില്‍ക്കുകമാത്രമാണ് ഹുര്‍റിയത് ചെയ്യുന്നതെന്നും അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.