അലീഗഢ് സെന്‍ററുകളില്‍ സ്കൂളുകള്‍ക്കും ഗവേഷണ കേന്ദ്രങ്ങള്‍ക്കും ധാരണ

ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം, മുര്‍ഷിദാബാദ്, കിഷന്‍ഗഞ്ച് സെന്‍ററുകളില്‍ സ്കൂളുകളും മറ്റു ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ തക്ക നിയമനിര്‍മാണത്തിന് ശ്രമം നടത്താന്‍ അലീഗഢ് യൂനിവേഴ്സിറ്റി കോര്‍ട്ട് യോഗം തീരുമാനിച്ചു. പദ്ധതിക്ക് യൂനിവേഴ്സിറ്റി നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാറിനോട് സര്‍വകലാശാല ഒൗദ്യോഗികമായി ആവശ്യപ്പെടും.

കേരളത്തില്‍നിന്നുള്ള കോര്‍ട്ട് പ്രതിനിധികളായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.എ. ഇബ്രാഹീം ഹാജി എന്നിവര്‍ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു വിഷയം ചര്‍ച്ചക്കെടുത്തത്. അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. അലീഗഢ് മസ്ജിദിന്‍െറ 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം സ്കൂളുകളും ഗവേഷണകേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന ബ്രിട്ടീഷ് കാലത്തെ വ്യവസ്ഥ ഇപ്പോഴുമുണ്ട്.
അലീഗഢിന്‍െറ കോമ്പൗണ്ടിനപ്പുറത്തേക്ക് അലീഗഢിന്‍െറ പ്രയോജനം ലഭിക്കരുതെന്ന ബ്രിട്ടീഷുകാരുടെ ദുരുദ്ദേശ്യമായിരുന്നു നിയമത്തിനു പിന്നിലെന്നും പുതിയ നീക്കത്തോടെ ബ്രിട്ടീഷ് കാലത്തെ ഇത്തരം നിയമങ്ങള്‍ തിരുത്തപ്പെടണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍, ഇബ്രാഹീം ഹാജി എന്നിവര്‍ പറഞ്ഞു.
അലീഗഢ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ബിസിനസുകാരനും സാമൂഹികപ്രവര്‍ത്തകനുമായ അമീര്‍ അഹ്മദ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യമായാണ് കോര്‍ട്ടില്‍നിന്ന് ഒരു മലയാളി നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അലീഗഢിലെ പൂര്‍വവിദ്യാര്‍ഥിയായ അമീര്‍ അഹ്മദ്, ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഇംഗ്ളണ്ടിലും വ്യവസായ സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയ മണപ്പാട് ഗ്രൂപ് ഓഫ് കമ്പനീസിന്‍െറ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. വിഷന്‍ 2040 എന്ന പദ്ധതിയുടെ ഭാഗമായി യു.പിയിലെ ന്യൂനപക്ഷ പിന്നാക്ക ഗ്രാമങ്ങള്‍ ദത്തെടുത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുകയാണ്.

പ്രഫ. എ.എം. പഠാന്‍, എം. ആസിഫ് ഫാറൂഖി, നദീം സാരിം, പി.എ. ഇനാംദാര്‍, ഡോ. സയ്യിദ് സഫര്‍ മഹ്മൂദ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങള്‍. നിര്‍മാണം മുടങ്ങിക്കിടക്കുന്ന കലാശാലാ വളപ്പിലെ ജുമാമസ്ജിദിന്‍െറ പുനരുദ്ധാരണത്തിന് പ്രമുഖ വ്യവസായി പി.എ. ഇബ്രാഹീം ഹാജി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.