കോയമ്പത്തൂര്‍: കാവേരി നദീജല പ്രശ്നമുന്നയിച്ച് വ്യാഴാഴ്ച ചെന്നൈയില്‍ നാം തമിഴര്‍ കക്ഷി സംഘടിപ്പിച്ച പ്രകടനത്തിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. തിരുവാരൂര്‍ മന്നാര്‍ഗുഡി പാണ്ഡ്യന്‍-ചെമ്പകലക്ഷ്മി ദമ്പതികളുടെ മകന്‍ വിഗ്നേഷാണ് (25) മരിച്ചത്. ചെന്നൈ അമ്പത്തുരില്‍ സൈക്കിള്‍ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. തമിഴ് പ്രക്ഷോഭ പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുള്ള വിഗ്നേഷ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗം നേതാവാണ്.
പരിപാടിയുടെ തലേന്ന് വിഗ്നേഷിന്‍െറ ഫേസ്ബുക് പോസ്റ്റില്‍ സമരത്തിനിടെ ആത്മാഹുതി നടക്കുമെന്നും ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്താല്‍ ഡി.ആര്‍.ബി റേറ്റ് ഉയരുമെന്നും ഇതിലൂടെ തമിഴന്‍െറ അവകാശ പോരാട്ടം ശക്തിപ്പെടട്ടെയെന്നും പറഞ്ഞിരുന്നു. ഇതിന് പുറമെ ആത്മാഹുതി ചെയ്യുമെന്ന് സൂചന നല്‍കി വിഗ്നേഷ് തുറന്ന കത്തും എഴുതിയിരുന്നു. ചെന്നൈ എളമ്പൂര്‍ രാജരത്നം മൈതാനത്ത് പാര്‍ട്ടി നേതാവ് സീമാന്‍െറ നേതൃത്വത്തില്‍ നടന്ന റാലിയില്‍ 500ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.
പ്രവര്‍ത്തകര്‍ക്ക് പിന്നിലായി നിലയുറപ്പിച്ചിരുന്ന വിഗ്നേഷ് പൊടുന്നനെയാണ് മുദ്രാവാക്യംവിളിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. റോഡില്‍ വീണ വിഗ്നേഷിന്‍െറ ദേഹത്ത് പടര്‍ന്ന തീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അണച്ചെങ്കിലും ശരീരമാസകലം ഗുരുതര പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് കീഴ്പാക്കം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വദേശമായ മന്നാര്‍ഗുഡിയിലേക്ക് കൊണ്ടുപോയി. സീമാന്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.