ഭൂകമ്പം തകർത്ത മ്യാന്മറിന് സഹായവുമായി ഇന്ത്യ; 15 ടൺ അവശ്യവസ്തുക്കളെത്തിച്ചു

യാംഗോൻ: ഭൂകമ്പം തകർത്ത മ്യാന്മറിന് സഹായഹസ്തവുമായി ഇന്ത്യ. ടെന്റുകൾ, പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷണ പാക്കറ്റുകൾ, ശുചിത്വ കിറ്റുകൾ, ജനറേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവ ഉൾപ്പെടെ 15 ടൺ അവശ്യവസ്തുക്കൾ ഇന്ത്യ മ്യാന്മറിലെത്തിച്ചു.

'ഓപറേഷൻ ബ്രഹ്മ'യുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനത്തിലാണ് അവശ്യവസ്തുക്കൾ യാംഗോനിൽ എത്തിച്ചത്. ദുരിതാശ്വാസ സഹായത്തിന്‍റെ ആദ്യ ഘട്ടമായാണ് 15 ടൺ അവശ്യവസ്തുക്കൾ മ്യാന്മറിന് എത്തിച്ചു നൽകിയത്.

അതിനിടെ, ഇന്ത്യയിൽ നിന്നുള്ള സഹായങ്ങളും ദുരിതാശ്വാസ സാമഗ്രികളും വേഗത്തിൽ എത്തിക്കുന്നതിന് മ്യാന്മർ അധികൃതരുമായി ചേർന്ന് ഏകോപിപ്പിക്കുന്നുണ്ടെന്ന് മ്യാന്മറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർ അടിയന്തര ടെലിഫോൺ നമ്പറിൽ (+95-95419602) ബന്ധപ്പെടാമെന്ന് മ്യാൻമറിലെ ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് 12.50നാണ് 7.7 തീവ്രതയിൽ മ്യാന്മറിൽ ശക്തമായ ഭൂകമ്പമുണ്ടായത്. മ്യാന്മറിനെയും തായ്‍ലാൻഡിനെയും പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ മരണം 150 കടന്നു. 750ഓളം പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്.

മ്യാന്മറിലാണ് കൂടുതൽ ശക്തമായ ഭൂചലനവും കനത്ത ആൾനാശവുമുണ്ടായത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി, പാലങ്ങൾ തകർന്നു. മ്യാന്മറിലെ മോനിവ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ശക്തമായ ഭൂചലനമുണ്ടായത്. തലസ്ഥാനമായ നയ്പിഡാവ് ഉൾപ്പെടെ ആറ് മേഖലകളിൽ മ്യാന്മർ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഭൂകമ്പത്തിൽ തായ്‍ലൻഡിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാങ്കോക്കിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീണ് 81 നിർമാണ തൊഴിലാളികളെ കാണാതായി.

ഭൂകമ്പത്തിന്റെ ചെറിയ പ്രതിഫലനം കൊൽക്കത്ത, ഇംഫാൽ, മേഘാലയയിലെ ഈസ്റ്റ് ഗരോ മലനിരകൾ, മണിപ്പൂരിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലുമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിലെയും വിവിധ ഭാഗങ്ങളിൽ ഭൂകമ്പം നേരിയതോതിൽ അനുഭവപ്പെട്ടിരുന്നു.

Tags:    
News Summary - India's launches 'Operation Brahma' for Myanmar, first tranche of relief material

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.