കര്‍ണാടകയില്‍ രോഷം അണപൊട്ടുന്നു; ഇന്ന് കാബിനറ്റ്, സര്‍വകക്ഷി യോഗങ്ങള്‍

ബംഗളൂരു: ഈമാസം 27 വരെ കാവേരിയില്‍നിന്ന് തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രോഷം അണപൊട്ടുന്നു. കോടതി ഉത്തരവ് വന്നതോടെ കടുത്ത പ്രതിഷേധത്തിലും നിരാശയിലുമാണ് കര്‍ഷകരും കന്നട സംഘടനകളും. ഇതിന്‍െറ ഭാഗമായി മാണ്ഡ്യയിലും മൈസൂരുവിലുമെല്ലാം വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. വൈകീട്ട് മാണ്ഡ്യ എം.പി ജനതാദള്‍-എസിലെ സി.എസ്. പുട്ടരാജു ഡെപ്യൂട്ടി കമീഷണര്‍ക്ക് രാജി സമര്‍പ്പിച്ചു. പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളൂരു, മാണ്ഡ്യ, മൈസൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഭാവി നടപടികള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച കാബിനറ്റ് യോഗവും സര്‍വകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു.

സുപ്രീംകോടതി വിധിയില്‍ വിവിധ പ്രതിപക്ഷനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. സുപ്രീംകോടതി നിര്‍ദേശം സംസ്ഥാനത്തിനുള്ള മരണക്കുറിയാണെന്ന് പ്രതികരിച്ച ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി അസംബ്ളി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. കാവേരി ജലനിയന്ത്രണ സമിതി ഉണ്ടാക്കുന്നതുകൊണ്ട് സംസ്ഥാനത്തിന് ഒരു പ്രയോജനവും ഉണ്ടാകില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി നിര്‍ദേശം കനത്ത ആഘാതമാണെന്നും ഇത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.എസ്. യെദിയൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി കാണിച്ച മണ്ടത്തരങ്ങളാണ് സംസ്ഥാനത്തെ ഈ അവസ്ഥയില്‍കൊണ്ടത്തെിച്ചത്.

പ്രശ്നം ചര്‍ച്ചചെയ്യാനായി ഉടന്‍ അസംബ്ളി വിളിച്ചുകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 16,000 പൊലീസുകാര്‍ക്ക് പുറമെ കേന്ദ്രസേനയെയും ദ്രുതകര്‍മസേനയെയുമെല്ലാം വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യതാ പ്രദേശങ്ങളില്‍ നിരോധാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ബംഗളൂരുവില്‍ ദ്രുതകര്‍മ സേനയുടെ റൂട്ട്മാര്‍ച്ച് നടന്നു. സുപ്രീംകോടതി വിധി വരുന്നതിന് മുമ്പുതന്നെ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. മാണ്ഡ്യയിലെ ഒരു വിഭാഗം കര്‍ഷകര്‍ മണ്ണു തിന്നാണ് പ്രതിഷേധിച്ചത്. കോടതിവിധി അനുകൂലമാകാന്‍ പ്രത്യേക പൂജകളും നടന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് മൈസൂരു-ബംഗളൂരു പാതയില്‍ ഗതാഗത തടസ്സവും ഉണ്ടായി. സംഘര്‍ഷസാധ്യത പരിഗണിച്ച് 320ഓളം കാമറകള്‍ സ്ഥാപിക്കുകയും പലരെയും കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.