കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ പ്രതിഷേധം പടരുന്നു. സംഘർഷത്തിൽ മൂന്നുപേർ മരിച്ചു. മുർഷിദാബാദ്, മാൾഡ, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി ജില്ലകളിൽ അക്രമങ്ങൾ അരങ്ങേറി. മുർഷിദാബാദ് ജില്ലയിലെ ജഅ്ഫറാബാദിൽ പിതാവിനെയും മകനെയും വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ജില്ലയിലുണ്ടായ മറ്റൊരു സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 118 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ പൊലീസ് വാനുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. റെയിൽവേ സ്റ്റേഷനുകൾക്കുനേരെയും അക്രമമുണ്ടായി.
സുരക്ഷാ സേനക്കുനേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. ഒരാൾക്ക് പരിക്കേൽക്കാനിടയാക്കിയ വെടിവെപ്പിെന്റ വിശദാംശങ്ങൾ അറിയില്ലെന്ന് എ.ഡി.ജി.പി ജാവേദ് ഷമീം പറഞ്ഞു. പൊലീസ് വെടിവെച്ചിട്ടില്ലെന്നും ബി.എസ്.എഫിെന്റ ഭാഗത്തുനിന്നായിരിക്കാം വെടിവെപ്പുണ്ടായതെന്നും പരിക്കേറ്റയാൾ അപകടനില തരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ചത്തെ സംഘർഷത്തെത്തുടർന്ന് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ബി.എസ്.എഫിനെ വിന്യസിച്ചിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് റെയ്ഡ് തുടരുകയാണെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എ.ഡി.ജി.പി സൂചിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലെ കുപ്രാചരണങ്ങളിൽ വീണുപോകരുതെന്നും ശാന്തരായിരിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. എ.ഡി.ജി, ഐ.ജി എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണ്. അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡി.ജി.പി രാജീവ് കുമാർ പറഞ്ഞു.
അതിനിടെ, റെയിൽവേ സ്വത്തുക്കൾ നശിപ്പിച്ച സംഭവത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. മുർഷിദാബാദ് ജില്ലയിൽ റെയിൽവേ സ്റ്റേഷനുകൾക്കുനേരെയുണ്ടായ ആക്രമണങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെഴുതിയ കത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു.
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഹിന്ദു വിരുദ്ധ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബി.ജെ.പി. മന്ത്രിയായ സിദ്ദിഖുല്ല ചൗധരി സർക്കാർ സംരക്ഷണം ഉറപ്പുനൽകി പരസ്യമായി ജനക്കൂട്ടത്തെ ഇളക്കിവിടുകയാണുണ്ടായത്. സ്വാതന്ത്ര്യത്തിനുമുമ്പ് സുഹ്റവർദി ചെയ്ത അതേ കാര്യം തന്നെയാണ് സ്വാതന്ത്ര്യാനന്തരം സിദ്ദിഖുല്ല ചൗധരിയും ചെയ്യുന്നത്. മമത ബാനർജി തന്നെ വിളിച്ച് അക്രമത്തിൽ സന്തോഷം പ്രകടിപ്പിച്ചതായി സിദ്ദിഖുല്ല ചൗധരി പൊതുവേദിയിൽ തുറന്നു പറഞ്ഞിട്ടുണ്ടെന്നും ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കൊൽകത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കണമെന്ന് കൽക്കത്ത ഹൈകോടതി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാന ഭരണകൂടവുമായി സഹകരിച്ചാണ് കേന്ദ്ര സേന പ്രവർത്തിക്കേണ്ടത്. സ്ഥിതിഗതിയെക്കുറിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് കോടതി നിർദേശം നൽകി.
തുടർന്ന് ഹരജി ഏപ്രിൽ 17ന് പരിഗണിക്കാൻ മാറ്റി. ശനിയാഴ്ച കോടതി അവധിയാണെങ്കിലും സാഹചര്യത്തിെന്റ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. മുർഷിദാബാദ് ജില്ലയിലെ സൂതി, ധൂലിയൻ, സംസേർഗഞ്ച് എന്നിവിടങ്ങളിൽ അതിർത്തിരക്ഷാ സേനയുടെ ഏഴ് കമ്പനിയെ നിയോഗിച്ചതായി സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, സംഘർഷം നിയന്ത്രണ വിധേയമാക്കുന്നതിന് ബി.എസ്.എഫിനെ വേണ്ട രീതിയിൽ വിന്യസിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിെന്റ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. നിയമത്തിനെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് പ്രതികരണം. കേന്ദ്രമാണ് നിയമമുണ്ടാക്കിയതെന്നും അവരോടാണ് ഉത്തരം തേടേണ്ടതെന്നും മമത പറഞ്ഞു. ജനങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി, മതത്തിെന്റ പേരിൽ മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യരുെതന്നും പറഞ്ഞു. രാഷ്ട്രീയത്തിനുവേണ്ടി കലാപമുണ്ടാക്കരുത്. നിയമത്തെ സർക്കാർ പിന്തുണക്കുന്നില്ലെന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും പറഞ്ഞ മമത, പിന്നെന്തിനാണ് കലാപമുണ്ടാക്കുന്നതെന്നും ചോദിച്ചു.
ന്യൂഡൽഹി: പ്രതിഷേധത്തിന്റെ പേരിൽ സാധാരണക്കാരുടെ സ്വൈരജീവിതം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. ബംഗാളിന്റെ ചില ഭാഗങ്ങളിൽ വഖഫ് പ്രക്ഷോഭം അക്രമത്തിലും തീവെപ്പിലും കലാശിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. ജനാധിപത്യത്തിൽ പ്രതിഷേധം അനുവദനീയമാണ്. പക്ഷേ അക്രമം ഒരുകാരണവശാലും അനുവദിക്കില്ല. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തുവെന്നും ആനന്ദബോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.