ലഖ്നോ: ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിറകേ ഗോരഖ്പുർ ജില്ല മജിസ്ട്രേറ്റ് ഉൾപ്പെടെ 37 െഎ.എ.എസ് ഒാഫിസർമാരെ യോഗി ആദിത്യനാഥ് സർക്കാർ സ്ഥലംമാറ്റി. 16 ജില്ല മജിസ്ട്രേറ്റുമാർക്കും നാല് ഡിവിഷനൽ കമീഷണർമാർക്കും സ്ഥാനചലനമുണ്ട്. എന്നാൽ, വോെട്ടണ്ണൽ കേന്ദ്രത്തിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ച് വിവാദത്തിലായ ഗോരഖ്പുർ ജില്ല മജിസ്ട്രേറ്റ് രാജീവ് റൗതേലക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റമാണ്. കെ. വിജയേന്ദ്ര പാണ്ഡ്യനാണ് ഗോരഖ്പുരിൽ പുതിയ മജിസ്േട്രറ്റ്. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ഗോരഖ്പുരിലും ഫുൽപുരിലും ബി.ജെ.പി കനത്ത പരാജയം േനരിട്ടിരുന്നു.
വ്യവസായ, അടിസ്ഥാന സൗകര്യ വികസന കമീഷണർ അനൂപ് ചന്ദ്ര പാണ്ഡെക്ക് എൻ.ആർ.െഎ വകുപ്പിെൻറ അധികച്ചുമതല നൽകി. അലോക് സിൻഹ, നിതിൻ രമേഷ്, രാജീവ് കപൂർ, അലോക് ടണ്ഡൻ, ദീപക് അഗർവാൾ തുടങ്ങിയവരെ പുതിയ സ്ഥാനങ്ങളിലേക്കു മാറ്റി. സംസ്ഥാനത്തെ വർഗീയ സംഘർഷങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പരാമർശം നടത്തി വിവാദത്തിലായ ബറേലി ജില്ല മജിസ്ട്രേറ്റ് രാഘവേന്ദ്ര സിങ്ങിനെയും തൽസ്ഥാനത്തുനിന്ന് നീക്കി.
യോഗി ആദിത്യനാഥിനെതിരായ ക്രിമിനൽ കേസ് പിൻവലിച്ച് ഉപകാര സ്മരണ കാട്ടിയ ഉദ്യോഗസ്ഥനാണ് രാജീവ് റൗതേല. ഗോരഖ്പുരിലെയും സമീപപ്രദേശങ്ങളിലെയും മുസ്ലിംകൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതിന് യോഗി ആദിത്യനാഥ് അടക്കം 12 പേർക്കെതിരെ എടുത്ത കേസാണ് പിൻവലിച്ചത്.
കഴിഞ്ഞവർഷം ഗോരഖ്പുർ ബി.ആർ.ഡി ആശുപത്രിയിൽ 60 കുട്ടികൾ മരിച്ച സംഭവത്തിലും ഇയാൾ വിവാദപുരുഷനാണ്. ആശുപത്രിക്ക് സ്വകാര്യ കമ്പനി ഒാക്സിജൻ നൽകാത്തതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്നായിരുന്നു റൗതേലയുടെ റിപ്പോർട്ട്. ഇത് നിഷേധിച്ച് കമ്പനി രംഗത്തുവന്നിരുന്നു.
2013ൽ, മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന ചടങ്ങിലും ഇയാൾ വിവാദപരാമർശം നടത്തി. ഇന്ത്യ വിലപിക്കുന്നവരുടെ രാജ്യമായി മാറുകയാണെന്നും അഫ്ഗാനിസ്താനിൽ 5000 അമേരിക്കക്കാർ കൊല്ലപ്പെട്ടിട്ടും അവരുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു അന്ന് അലീഗഢ് ജില്ല മജിസ്ട്രേറ്റായിരുന്ന റൗതേല പറഞ്ഞത്. അനധികൃത ഖനന ഇടപാടിലും ഇയാൾക്കെതിരെ ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.