ഇംഫാൽ: വംശീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ കൂടുതൽ കേന്ദ്രസേനയെ നിയോഗിച്ചു. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ (സി.എ.പി.എഫ്) എട്ട് കമ്പനി ബുധനാഴ്ച തലസ്ഥാനമായ ഇംഫാലിൽ എത്തി. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇവരെ വിന്യസിക്കും. നേരത്തെ 11 കമ്പനി സേന തലസ്ഥാനത്തെത്തിയിരുന്നു. സി.ആർ.പി.എഫിന്റെയും അതിർത്തി സംരക്ഷണ സേനയുടെയും (ബി.എസ്.എഫ്) നാലുവീതം കമ്പനികളെ സംസ്ഥാനത്തെ പ്രശ്ന ബാധിത മേഖലകളിൽ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. സി.ആർ.പി.എഫിൽ ഒന്ന് മഹിള ബറ്റാലിയനാണ്. 50 കമ്പനി സി.എ.പി.എഫ് സേനയെ സംസ്ഥാനത്ത് വിന്യസിക്കുമെന്ന് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
അതേസമയം, സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ) സംസ്ഥാനം മുഴുവൻ ബാധകമാക്കണമെന്ന് കുക്കി എം.എൽ.എമാർ ആവശ്യപ്പെട്ടു. ഭരണകക്ഷിയായ ബി.ജെ.പിയുടെ ഏഴുപേർ ഉൾപ്പെടെ 10 എം.എൽ.എമാർ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നവംബർ 14ന് അക്രമം നടന്ന ജിരിബാം ഉൾപ്പെടെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കേന്ദ്രം അഫ്സ്പ പുനഃസ്ഥാപിച്ചിരുന്നു. മറ്റ് 13 പൊലീസ് സ്റ്റേഷൻ പരിധികളിലും നിയമം ബാധകമാക്കണമെന്ന് എം.എൽ.മാർ ആവശ്യപ്പെട്ടു.
ജിരിബാം ജില്ലയിൽ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ കുക്കി തീവ്രവാദികൾക്കെതിരെ ഏഴ് ദിവസത്തിനുള്ളിൽ ‘ബഹുജന ഓപറേഷൻ’ നടത്തണമെന്ന് ഭരണകക്ഷിയായ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ എം.എൽ.എമാരുടെ പ്രമേയത്തെയും കുക്കി എം.എൽ.എമാർ വിമർശിച്ചു. ആറുപേരുടെ മരണം മാത്രം എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യം വർഗീയ പരമാണ്. മുഴുവൻ കേസുകളും എൻ.ഐ.എക്ക് കൈമാറണമെന്നും അവർ ആവശ്യപ്പെട്ടു. അതിനിടെ, നവംബർ 16ന് മണിപ്പൂരിൽ വസതി ആക്രമിച്ചുതകർത്ത ജനക്കൂട്ടം 18 ലക്ഷം രൂപയും ഒന്നരക്കോടി രൂപയുടെ സ്വർണവും കൊള്ളയടിച്ചതായി ജെ.ഡി.യു. എം.എൽ.എ കെജോയ്കിഷൻ സിങ്ങിന്റെ മാതാവ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.