യു.പിയിലെ ചിൽഡ്രൻസ് ഹോമിൽ ഭക്ഷ്യവിഷബാധയേറ്റ് 4 കുട്ടികൾ മരിച്ചു;   20 പേർ ഗുരുതരാവസ്ഥയിൽ

യു.പിയിലെ ചിൽഡ്രൻസ് ഹോമിൽ ഭക്ഷ്യവിഷബാധയേറ്റ് 4 കുട്ടികൾ മരിച്ചു; 20 പേർ ഗുരുതരാവസ്ഥയിൽ

ലക്നോ: യു.പിയിലെ ലക്നോവിലെ ചിൽഡ്രൻസ് ഹോമിൽ ഭക്ഷ്യവിഷബാധയേറ്റ് നാലു കുട്ടികൾ മരിച്ചതായും 20തോളം പേർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ട്. സംഭവത്തിൽ ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. കമീഷണർ റോഷൻ ജേക്കബും പ്രിൻസിപ്പൽ സെക്രട്ടറി ലീന ജോഹ്‌രിയും കുട്ടികൾ ചികിൽസയിൽ കഴിയുന്ന ലോക്ബന്ധു ആശുപത്രിയിൽ എത്തി അവരോട് സംസാരിച്ചു. അഭയകേന്ദ്രത്തിലെ വെള്ളത്തിൽ നിന്നാണ് വിഷബാധയെന്ന സൂചനയെ തുടർന്ന് വെള്ളം പരിശോധിക്കാൻ ഉത്തരവിട്ടു.

ലക്നോവിലെ നിർവാണ ഷെൽട്ടർ സെൻ്ററിൽ ഒരാഴ്ച മുമ്പാണ് വിഷബാധ റിപ്പോർട്ട് ചെയ്തത്. തുടർന്ന് രോഗബാധിതരായ കുട്ടികളുടെ നില അതീവഗുരുതരമായി. വയറുവേദനയും ഛർദ്ദിയും ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അധികൃതർ ഡോക്ടറെ സമീപിച്ചില്ലെന്നും ആക്ഷേപമുണ്ട്.

കുട്ടികളിൽ നിർജലീകരണം അനുഭവപ്പെടുന്നതായി ലോക്ബന്ധു ആശുപത്രി സി.എം.എസ് ഡോ.രാജീവ് ദീക്ഷിത് പറഞ്ഞതായി ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്തു. എല്ലാവരിലും വയറിളക്കത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.

പാരാ പ്രദേശത്തെ ബുദ്ധേശ്വരിലാണ് കുട്ടികളെ താമസിപ്പിക്കുന്ന നിർവാണ ഷെൽട്ടർ സെന്റർ സ്ഥിതി ചെയ്യുന്നത്. സർക്കാറിന്റെ സഹായത്തോടെ പി.പി.പി മാതൃകയിലാണ് ഇത് പ്രവർത്തിക്കുന്നത്. മാനസികമായി ദുർബലരും ഭിന്നശേഷിക്കാരുമായ അനാഥ കുട്ടികളെ ഇവിടെ പാർപ്പിക്കുന്നു. നിലവിൽ ആൺകുട്ടികളും പെൺകുട്ടികളുമായി 146 പേരാണ് ഇവിടെയുള്ളത്. മിക്കവരും 10നും 18നും ഇടയിൽ പ്രായമുള്ളവരാണ്.

ഈ മാസം 23ന് രാത്രി അത്താഴം കഴിച്ച ശേഷം കുട്ടികളുടെ ആരോഗ്യനില വഷളാകാൻ തുടങ്ങി. തുടർന്ന് കുട്ടികളെ ലോക്ബന്ധു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പെൺകുട്ടികൾ ചികിത്സയിലിരിക്കെ മരിച്ചു. ഇതു കൂടാതെ ഗോപാൽ, ലക്കി എന്നീ കുട്ടികളെ നില ഗുരുതരമായതിനെ തുടർന്ന് കെ.ജി.എംയുവിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് ഇരുവരും മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - 4 children die in Lucknow shelter home due to food poison: 20 in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.