സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റ് : പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച 40 പേർ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ ധാർവാഡ് ജില്ലയിലുള്ള ഹുബ്ലി പൊലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തിയ 40 ഓളം പേരെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ന്യുനപക്ഷ സമുദായത്തെ ആക്ഷേപിക്കുന്ന പോസ്റ്റിട്ട വ്യക്തിക്കെതിരെ പൊലീസ് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണത്തിലാണ് കല്ലേറ് നടന്നത്. അക്രമത്തിൽ ഇന്‍സ്പെക്ടർ ഉൾപ്പടെ 12 പൊലീസുകാർക്ക് പരിക്കേൽക്കുകയും പൊലീസ് വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തത‍ായി അധികൃതർ അറിയിച്ചു.

സംഘർഷം അവസാനിപ്പിക്കാന്‍ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതക പ്രയോഗിക്കുകയും ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ആറ് വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും ഹൂബ്ലി-ധാർവാഡ് പൊലീസ് കമീഷണർ ലഭു റാം അറിയിച്ചു.

ന്യൂനപക്ഷ സമുദായത്തെ ആക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട വ്യക്തിക്കെതിരെ ചിലർ പൊലീസിൽ പരാതി നൽകിയിരുന്നതായി റാം പറഞ്ഞു. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടിയിൽ തൃപ്തരാകാത്ത ചിലരാണ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സംഘർഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കല്ലേറിൽ പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ നില ഗുരുതരമാണെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

Tags:    
News Summary - 40 Arrested, 12 Cops Injured In Karnataka Violence Over Social Media Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.