ഫിറോസാബാദ്: 42 വർഷം മുമ്പ് 10 ദലിതരെ കൊലപ്പെടുത്തിയ കേസിൽ 90കാരന് ഫിറോസാബാദ് ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഷിക്കോഹാബാദിൽ നടന്ന ക്രൂരമായ കൂട്ടക്കൊലയിൽ പ്രതിയായ ഗംഗാ ദയാൽ (90)നാണ് ജീവപര്യന്തം തടവും 55,000 രൂപ പിഴയും വിധിച്ചത്. 10 പ്രതികളുള്ള കേസിലെ മറ്റ് ഒമ്പത് പ്രതികളും നാല് പതിറ്റാണ്ടുനീണ്ട വിചാരണയ്ക്കിടെ മരിച്ചു.
ഗംഗാ ദയാൽ 55,000 രൂപ പിഴയടച്ചില്ലെങ്കിൽ 13 മാസം കൂടി തടവനുഭവിക്കണമെന്ന് ജില്ലാ ജഡ്ജി ഹർവീർ സിങ് ഉത്തരവിൽ പറഞ്ഞു.
നീതി നടപ്പാക്കിയെങ്കിലും അതിന് ഏറെക്കാലമെടുത്തതായി പ്രോസിക്യൂഷന് വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ രാജീവ് ഉപാധ്യായ പ്രിയദർശി അഭിപ്രായപ്പെട്ടു. 1981 ഡിസംബർ 30നാണ് ഷിക്കോഹാബാദിലെ സാധുപൂർ ഗ്രാമത്തിൽ ഗംഗാ ദയാലും മറ്റ് ഒമ്പത് പ്രതികളും ചേർന്ന് 10 ദലിതരെ വെടിവെച്ചുകൊന്നത്. ഉയർന്ന ജാതിക്കാരനായ റേഷൻ കടയുടമ വിവേചനം കാണിക്കുന്നതിനെതിരെ ദലിതർ പരാതി നൽകിയതാണ് കൂട്ടക്കൊലക്ക് പ്രേരണയായത്. വീട്ടിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഇരകൾക്ക് നേരെ റേഷൻകടയുടമയും ഒമ്പത് കൂട്ടാളികളും ചേർന്ന് വെടിയുതിർക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ മെയിൻപുരി ജില്ലയുടെ ഭാഗമായിരുന്നു കൊലപാതകം നടന്ന ഷിക്കോഹാബാദ്. അന്ന് ഷിക്കോഹാബാദ് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരനായ ഡി.സി. ഗൗതമാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. കൂട്ടക്കൊലയെ തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. മെയിൻപുരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 10 പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, കേസ് ഇഴഞ്ഞുനീങ്ങി. ഇതിനിടെ 1989ൽ ഫിറോസാബാദ് ജില്ല സ്ഥാപിതമായി. മെയിൻപുരി ജില്ലാ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ ഷിക്കോഹാബാദ് ഫിറോസാബാദ് ജില്ലയിൽ ചേർത്തു. എന്നിട്ടും 2021 ഒക്ടോബറിലാണ് കേസ് ഫിറോസാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും 10 പ്രതികളിൽ 9 പേരും മരിച്ചതായി രാജീവ് ഉപാധ്യായ പറഞ്ഞു. ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ഗംഗാ ദയാൽ ഊന്നുവടിയുടെ സഹായത്തോടെയാണ് മേയ് 31 ന് കോടതിയിൽ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.