വിവാദങ്ങൾക്കിടെ ഇരുമ്പ് സമ്പുഷ്ട അരിക്ക് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ അംഗീകാരം; മുന്നറിയിപ്പ് ലേബൽ എടുത്തു കളഞ്ഞെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ വയനാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചതിനെ തുടർന്ന് പ്രതിഷേധമുയർന്ന ഇരുമ്പ് സമ്പുഷ്ട അരിക്ക് ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ’യുടെ സുരക്ഷാ ഉറപ്പ്.  ഇതെത്തുടർന്ന് ഫുഡ് റെഗുലേറ്ററി അതോറിറ്റി അരിയിൽനിന്ന് ജാഗ്രതാ ലേബൽ ഒഴിവാക്കിയതായി കേന്ദ്രം അറിയിച്ചു.

തലാസീമിയയും സിക്കിൾ സെൽ അനീമിയയും ഉള്ളവരുൾപ്പെടെയുള്ളവർക്ക് അരിയുടെ സുരക്ഷിതത്വത്തെ പിന്തുണക്കുന്ന ശാസ്ത്രീയ തെളിവുകളുടെയും രാജ്യത്തി​ന്‍റെ ഉന്നത ഗവേഷണ ഏജൻസിയുടെയും മാർഗനിർദേശപ്രകാരമാണ് ഈ നീക്കമെന്ന്  കേന്ദ്രം പറഞ്ഞു.  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) രൂപീകരിച്ച സമിതിയുടെ ശാസ്ത്രീയ അവലോകനത്തിൽ ഇരുമ്പ് കലർന്ന അരി രക്തജന്യ രോഗമുള്ളവർക്ക് ആരോഗ്യത്തിന് എന്തെങ്കിലും അപകടമുണ്ടാക്കുമെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ- ഭക്ഷ്യ- പൊതുവിതരണ മന്ത്രാലയം പറയുന്നു.

സിക്കിൾ സെൽ അനീമിയയും തലസീമിയയും ഉള്ളവർക്കുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണത്തി​ന്‍റെ മുന്നറിയിപ്പ് ലേബൽ ഒഴിവാക്കാനുള്ള ജൂലൈ 19ലെ നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്തെഴുതി രണ്ടുദിവസത്തിന് ശേഷമാണ് മന്ത്രാലയത്തി​ന്‍റെ പ്രസ്താവന. ‘തലാസീമിയ രോഗം ഉള്ള ആളുകൾക്ക് ഇരുമ്പ് സമ്പുഷ്ട ഉൽപ്പന്നങ്ങൾ മെഡിക്കൽ നിർദേശപ്രകാരം കഴിക്കാം. സിക്കിൾ സെൽ അനീമിയ ഉള്ളവർ ഇരുമ്പ് അടങ്ങിയ ഉൽപന്നങ്ങൾ കഴിക്കരുത്’ എന്നായിരുന്നു മുന്നറിയിപ്പ് ലേബലിൽ ഉണ്ടായിരുന്നത്. അതാണിപ്പോൾ നീക്കം ചെയ്തത്.

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ ഇരുമ്പ് സമ്പുഷ്ട അരി നൽകാൻ കേന്ദ്ര സർക്കാർ നീക്കം നടത്തിയിരുന്നു. അതിനു മുമ്പ് വയനാട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ അരി നൽകിയിരുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സംയോജിത ശിശുവികസന പദ്ധതി എന്നിവക്കും ഇതു നൽകി. 2021 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണിത്.

എന്നാൽ, കേരളത്തിൽ വിതരണം ചെയ്യുന്ന ചമ്പ (മട്ട) അരിയിൽ ധാരാളം പോഷകമുള്ളതിനാൽ കൂടുതൽ സമ്പുഷ്ടീകരണം ആവശ്യമില്ലെന്നാണ് സംസ്ഥാനത്തി​ന്‍റെ നിലപാട്. ഫോർട്ടിഫൈഡ് അരി നൽകിയില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് സബ്സിഡി ഇനത്തിൽ അരി ലഭിക്കില്ലെന്ന വ്യവസ്ഥയുള്ളതിനാൽ കേരളത്തിന് ഇത് തള്ളാൻ കഴിയാത്ത അവസ്ഥയുമാണ്. ഫോർട്ടിഫൈഡ് അരിയുടെ സംഭരണം, വിതരണം അടക്കമുള്ള കാര്യങ്ങളിൽ സമയബന്ധിത നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ വകുപ്പ് സംസ്ഥാനങ്ങളോടു നിർദേശിച്ചിരുന്നു.

വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബിയുടെ കുറവു മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവക്കുള്ള പരിഹാരമെന്നതാണ് ‘ അയൺ ഫോർട്ടിഫൈഡ്’ അരി സംബന്ധിച്ചുള്ള അനുകൂലവാദം. എന്നാൽ, ഇരുമ്പി​ന്‍റെ ആധിക്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നതാണ് നിലനിൽക്കുന്ന വിമർശനം. സിക്കിൾസെൽ അനീമിയ, തലാസീമിയ തുടങ്ങിയ രോഗങ്ങളുള്ളവർക്ക് രക്തത്തിൽ ഇരുമ്പി​ന്‍റെ അളവ് കൂടുതലായിരിക്കും. ഇവർക്ക് ഇരുമ്പ് ഉൾപ്പെടുത്തി സമ്പുഷ്ടീകരിച്ച അരി ആരോഗ്യപ്രശ്നത്തിനു കാരണമായേക്കും. ഇക്കാരണത്താലാണ് വയനാട്ടിൽ ഈ രോഗമുള്ളവർക്കു അയൺ ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യുന്നതിൽ പ്രതിഷേധമുയർന്നത്.

എന്നാൽ, ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് 2023ൽ സ്ഥാപിച്ച ഒരു വർക്കിങ് ഗ്രൂപ്പ്,  നിലവിലെ തെളിവുകൾ അത്തരം വ്യക്തികളുടെ സുരക്ഷാ ആശങ്കകളെ പിന്തുണക്കുന്നില്ലെന്ന് നിർണയിച്ചതായി മന്ത്രാലയം അറിയിച്ചു. തലാസീമിയ രോഗികൾക്ക് ഇരുമ്പി​ന്‍റെ അമിതഭാരം നിയന്ത്രിക്കുന്നതിന് ‘ചേലേഷൻ’ ഉപയോഗിച്ചുള്ള ചികിത്സിയിലൂടെ ആഗിരണം ചെയ്യപ്പെടുന്ന ഇരുമ്പിനെ അപേക്ഷിച്ച് ഫോർട്ടിഫൈഡ് അരിയിൽ നിന്നുള്ള ഇരുമ്പി​ന്‍റെ അളവ് വളരെ കുറവാണെന്നാണ് ആരോഗ്യ മന്ത്രാലയത്തി​ന്‍റെ പുതിയ വാദം. സിക്കിൾ സെൽ അനീമിയ ഉള്ള വ്യക്തികൾ ഇരുമ്പി​ന്‍റെ ആഗിരണത്തെ നിയന്ത്രിക്കുന്ന ഹോർമോണായ ‘ഹെപ്‌സിഡിൻ’ ​ന്‍റെ സ്വാഭാവികമായ ഉയർന്ന അളവ് കാരണം അധിക ഇരുമ്പ് ആഗിരണം ചെയ്യാൻ സാധ്യതയില്ലെന്നാണ് വിശദീകരണം.

Tags:    
News Summary - Iron-rich rice gets 'safe for all' assurance from Food Safety and Standards Authority of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.