മുംബൈ: തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ ‘മഹായുതി’ സർക്കാർ റോഡ് വികസന പദ്ധതികളിൽ 10,000 കോടി രൂപയുടെ വൻ അഴിമതി നടത്തിയെന്നും ഇതിന് ഇലക്ടറൽ ബോണ്ടുമായി ബന്ധമുണ്ടെന്നും ഗുരുതര ആരോപണവുമായ കോൺഗ്രസ്. കോൺഗ്രസ് വക്താവ് പവൻ ഖേര ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുംബൈ അധോലോകം ഭരിച്ചിരുന്ന ഡി- കമ്പനിയുമായി അദ്ദേഹം ബി.ജെ.പിയെ താരതമ്യം ചെയ്യുകയും ചെയ്തു. ‘ഞങ്ങൾ ചെറുപ്പത്തിൽ ഡി-കമ്പനിയെ കുറിച്ച് കേൾക്കുമായിരുന്നു. അത് തട്ടിക്കൊണ്ടുപോകുന്നു. ഭീഷണിപ്പെടുത്തുന്നു. ഇപ്പോഴിതാ പുതിയൊരു കമ്പനി, ബി-കമ്പനി. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കീഴിലുള്ള ബി.ജെ.പി മഹാരാഷ്ട്രയെ കൊള്ളയടിക്കുകയാണ്.
ഇലക്‌ട്രൽ ബോണ്ടുകളുടെ വിൽപനയിലൂടെ ലഭിക്കുന്ന മൊത്തം ഫണ്ടിന്റെ 13 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. നികുതിദായകരുടെ പണമായ10,0000 കോടി രൂപ തെരഞ്ഞെടുത്ത കമ്പനികൾക്ക് ഒരു കൈകൊണ്ട് നൽകുകയും മറ്റേ കൈകൊണ്ട് ഇലക്ടറൽ ബോണ്ടുകൾ വഴി തിരിച്ചെടുക്കുകയും ചെയ്യുന്നു’വെന്നും ഖേര ആരോപിച്ചു.
‘മഹായുതി സർക്കാർ അധികാരത്തിൽ വന്നത് അഴിമതി നിറഞ്ഞ മാർഗങ്ങൾ ഉപയോഗിച്ചാണ്. അധികാരത്തിലേറിയിട്ടും അവർ അഴിമതിയിൽ മുഴുകുന്നത് തുടർന്നു. മോഷ്ടാക്കൾ തുരങ്കങ്ങൾ തുരന്ന് ബാങ്കുകൾ കൊള്ളയടിക്കുന്നു. പലപ്പോഴും കാവൽക്കാരുടെ സഹായത്തോടെ. മഹായുതി സർക്കാറിന്‍റെ കീഴിൽ ചിലത് സംഭവിച്ചു. സർക്കാർ സ്‌പോൺസർ ചെയ്‌ത 10,000 കോടി രൂപയുടെ വമ്പൻ അഴിമതി- ഖേര പറഞ്ഞു.
പുണെ റിങ് റോഡ് ഇ-1, പുണെ റിങ് റോഡ് ഇ-3, പുണെ റിങ് റോഡ് ഡബ്ല്യു-1, പുണെ റിങ് റോഡ് ഡബ്ല്യു-2, പുണെ റിങ് റോഡ് ഡബ്ല്യു-3, പുണെ റിങ് റോഡ് ഡബ്ല്യു-4, എം.എം.സി-1, എം.എം.സി-9 എന്നിവയാണ് ഖേര തെറ്റായ രീതിയിലൂടെ നിർമാണം നടത്തിയ പദ്ധതികളെന്ന് ഖേര ചൂണ്ടിക്കാട്ടി.
‘മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍റ് കോർപറേഷൻ അടിസ്ഥാന സൗകര്യ പദ്ധതികളുടെ യോഗ്യതാ മാനദണ്ഡം മാറ്റി. എം.എസ്.ആർ.ഡി.സിയുടെ തന്നെ മാർഗരേഖയിൽ പറയുന്നത് ഒരു കമ്പനിക്ക് രണ്ടിൽ കൂടുതൽ പദ്ധതികൾ അനുവദിക്കാനാവില്ലെന്നാണ്. ഇവിടെ രണ്ട് കമ്പനികൾക്കായി എട്ട് പ്രോജക്ടുകൾ നൽകിയെന്നും ഖേര അവകാശപ്പെട്ടു.‘ഒരു കിലോമീറ്റർ റോഡിന്റെ നിർമാണച്ചെലവ് ഇരട്ടിയാക്കി. നിർമാണത്തിന്റെ 10 ശതമാനം മാത്രമാണ് തുരങ്കങ്ങൾ ഉള്ളത്. എന്നാൽ, ചില കമ്പനികൾക്ക് അനുകൂലമായി പദ്ധതികൾക്ക് ‘ടണൽ പ്രോജക്ടുകൾ’ എന്ന് പേരിട്ടു.
സംസ്ഥാനം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് നീങ്ങുന്ന സമയത്താണ് അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട പദ്ധതികളിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസിന്റെ പുതിയ ആക്രമണം. ഏപ്രിലിൽ സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് വിമർശിക്കുകയും ദാതാക്കൾ, സ്വീകർത്താക്കൾ, അടച്ച തുക എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.
‘ഒരു സർക്കാറിന് ജനങ്ങളെ കൊള്ളയടിക്കാൻ കഴിയുന്ന ഇങ്ങനെയൊരു ധിക്കാരം കഴിഞ്ഞ 75-76 വർഷങ്ങളിൽ കണ്ടിട്ടില്ല. സി.എ.ജി, മാധ്യമങ്ങൾ, ജനങ്ങൾ എല്ലാവരും ഇതിന്റെ ഉത്തരവാദികളാണ്. നാണക്കേടും ഭയവുമില്ല. പരിശോധനയുമില്ല. സി.എ.ജിക്കും മാധ്യമങ്ങൾക്കും കോടതികൾക്കും മഹാരാഷ്ട്രയിലെ വോട്ടർമാർക്കും ഉണർന്നെണീക്കാനുള്ള ആഹ്വാനമാണിതെന്നും ഖേര പറഞ്ഞു.
മഹാരാഷ്ട്രയിൽ കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ഡൽഹിയിലോ മുംബൈയിലെ മന്ത്രാലയത്തിലോ ഇരിക്കുന്ന അഴിമതിയിൽ ഉൾപ്പെട്ട ആരും രക്ഷപ്പെടില്ലെന്നും ഖേര പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളെ ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയ ഇലക്ടറൽ ബോണ്ട് കുംഭകോണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനോ നിതിൻ ഗഡ്കരിയോ ഉത്തരവാദിത്തമേറ്റെടുക്കുമോ എന്നും കോൺഗ്രസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.