മുംബൈ: മുംബൈയിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള യാവാത്മലിൽ മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ഏഴ് പേർ മരിച്ചു. ഇതിൽ നാലുപേരുടെ മൃതദേഹങ്ങൾ അധികൃതരെ അറിയിക്കാതെ ബന്ധുക്കൾ മറവുചെയ്തത് സംബന്ധിച്ചും വിവാദം നിലനിൽക്കുന്നുണ്ട്.
യാവാത്മൽ ജില്ലയിലെ വാനി എന്ന ഗ്രാമത്തിലാണ് സംഭവം. കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണിന്റെ ഭാഗമായി മദ്യക്കടകൾ തുറക്കാത്തതിനെ തുടർന്ന് ഒരു സംഘം തൊഴിലാളികൾ സാനിറ്റൈസർ വാങ്ങി കുടിക്കുകയായിരുന്നു.
30 മില്ലി ലിറ്റർ സാനിറ്റൈസർ 250 മില്ലി ലിറ്റർ മദ്യത്തിന്‍റെ ലഹരി നൽകുമെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇവർ അഞ്ച് ലിറ്റർ സാനിറ്റൈസർ വാങ്ങി വെള്ളിയാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചു. എന്നാൽ, സാനിറ്റൈസർ കുടിച്ചതിന് പിന്നാലെ ഓരോരുത്തരായി ഛർദിക്കുകയും തളർന്നുവീഴുകയുമായിരുന്നു. ഇവരെ ഉടൻ വാനി സർക്കാർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓരോരുത്തരായി മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ യാവാത്മൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് പേരുടെ പോസ്റ്റുമോർട്ടം നടത്തിയതായി വാനി പൊലീസ് അറിയിച്ചു. ബാക്കി നാലുപേരുടെ മൃതദേഹങ്ങൾ അധികൃതരെ അറിയിക്കാതെ ബന്ധുക്കൾ സംസ്കരിച്ചു. ഇതുസംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.