പെൻഷൻ കിട്ടാൻ വയോധിക ഇഴഞ്ഞുപോയത് രണ്ട് കി.മീറ്റർ

ഭുവനേശ്വർ: ​​സാമൂഹിക ക്ഷേമ പെൻഷൻ കിട്ടാൻ 80കാരിയായ വൃദ്ധ പഞ്ചായത്ത് ഓഫിസിലേക്ക് ഇഴഞ്ഞുപോയത് രണ്ട് കിലോമീറ്റർ ദൂരം. വയോധികരുടെയും വികലാംഗരുടെയും പെൻഷൻ വീടുകളിൽ എത്തിക്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് ഈ ദാരുണസംഭവം. ഒഡീഷ കിയോഞ്ജറിലെ തെൽകോയ് ബ്ലോക്കിലാണ് സംഭവം. ശനിയാഴ്ചയാണ് 80 വയസ്സുള്ള പതുരി ദെഹുരി തന്റെ വാർധക്യ പെൻഷൻ വാങ്ങാൻ റൈസുവാൻ പഞ്ചായത്ത് ഓഫിസിലേക്ക് ഇഴഞ്ഞു പോയത്.

പ്രായാധിക്യവും അസുഖവും കാരണം ഇവർക്ക് നടക്കാൻ കഴിയില്ല. നിലത്തിരുന്ന് ഇരുകൈകളും കുത്തി ഇഴഞ്ഞാണ് സഞ്ചാരം. ‘പെൻഷൻ തുകയിൽ നിന്നാണ് ദൈനംദിന ചെലവുകൾ നടത്തുന്നത്. പെൻഷൻ തുക വാങ്ങാൻ ഓഫിസിലെത്തണമെന്ന് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫിസർ (പി.ഇ.ഒ) എന്നോട് ആവശ്യപ്പെട്ടു. പെൻഷൻ തരാൻ ആരും വീട്ടിലേക്ക് വരാറില്ല. അതിനാൽ പഞ്ചായത്ത് ഓഫിലേക്കുള്ള രണ്ട് കിലോമീറ്റർ ഇഴയുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു’ -അവർ പറഞ്ഞു.

സംഭവം വിവാദമായതോടെ അടുത്ത മാസം മുതൽ ഇവരുടെ പെൻഷനും റേഷനും വീട്ടിൽ എത്തിച്ച് നൽകാൻ പി.ഇ.ഒക്കും സപ്ലൈ അസിസ്റ്റന്റുമാർക്കും നിർദേശം നൽകിയതായി റൈസുവാൻ പഞ്ചായത്ത് സർപഞ്ച് ബാഗുൻ ചാമ്പിയ പറഞ്ഞു.

‘‘ഗ്രാമ പഞ്ചായത്ത് ഓഫിസുകളിൽ എത്താൻ കഴിയാത്ത ഗുണഭോക്താക്കൾക്കുള്ള അലവൻസ് അവരവരുടെ വീടുകളിൽ കൊണ്ടുപോയി നൽകാൻ പി.ഇ.ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്’ -ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ ഗീത മുർമു പറഞ്ഞു.

Tags:    
News Summary - 80-year-old woman made to crawl 2km to collect pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.