മുംബൈ: മുംബൈയെ നവി മുംബൈയുമായി കടൽവഴി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലത്തിലെ (അടൽ സേതു) ആദ്യ അപകടത്തിന്‍റെ വിഡിയോ പുറത്ത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വനിത ഓടിച്ച കാർ നിയന്ത്രണംവിട്ട് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കടൽപാലം ഉദ്ഘാടനം ചെയ്ത ശേഷം നടന്ന ആദ്യ അപകടമാണിത്.
വാഹനം ഓടിച്ച വനിതക്ക് ചെറിയ പരിക്കേറ്റു. ഇവരെ നവി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാറിൽ രണ്ട് സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. രണ്ട് കുട്ടികൾക്ക് അഞ്ചും 11മായിരുന്നു പ്രായം.
കടൽപാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിന്‍റെ ഡാഷ് ബോർഡിൽ സ്ഥാപിച്ച കാമറയാണ് അപകട ദൃശ്യങ്ങൾ പകർത്തിയത്. അപകടത്തിൽ കാറിന്‍റെ മുകൾ ഭാഗത്തിനും വിൻഷീൽഡിനും തകരാർ സംഭവിച്ചു. മുംബൈയിൽ നിന്ന് നവി മുംബൈയിലേക്ക് പോവുകയായിരുന്നു കാറിലെ സംഘം.
17,840 കോടി രൂപ ചെലവിലാണ് മുംബൈ-നവി മുംബൈ കടൽപ്പാലം പാലം നിർമിച്ചത്. മുംബൈയിലെ സെവ്റിയെയും റെയ്ഗഡ് ജില്ലയിലെ നവ ശേവയെയും കടൽപ്പാലം ബന്ധിപ്പിക്കുന്നു. ആറുവരി ട്രാൻസ്-ഹാർബർ പാലത്തിന് 21.8 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 16.5 കിലോമീറ്റർ കടലിലാണ്.
2016 ഡിസംബറിൽ മോദിയാണ് പാലത്തിന് തറക്കല്ലിട്ടത്. നവി മുംബൈയിലേക്ക് യാത്രാസമയം രണ്ടു മണിക്കൂറിൽ നിന്ന് 20 മിനിട്ടായി കുറയും. കടലിന് മുകളിലൂടെ ദിവസം 70,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാം.
ഉയർന്ന വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററാണ്. ടോൾ ഒരു ഭാഗത്തേക്ക് 250 രൂപ. അതേസമയം, ബസുകളും ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ വേഗം കുറഞ്ഞ വാഹനങ്ങൾക്ക് അനുമതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.