ബംഗളൂരു: മാണ്ഡ്യ എം.പിയും മുൻ ചലച്ചിത്രനടിയുമായ സുമലത അംബരീഷ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുമെന്ന് മാണ്ഡ്യയിൽനിന്നുള്ള സ്വതന്ത്ര എം.പിയായ സുമലത നേരത്തേ അറിയിച്ചിരുന്നു. ഏതു പാർട്ടിയിലാണ് ചേരുകയെന്ന് അവർ അറിയിച്ചിരുന്നില്ലെങ്കിലും ബി.ജെ.പിയിലേക്കായിരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. മേയ് മൂന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗളൂരുവിലെത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സുമലതയുടെ ബി.ജെ.പി പ്രവേശനം ചർച്ചയാകുന്നത്.
അന്തരിച്ച നടനും കോൺഗ്രസ് നേതാവുമായ ഭർത്താവ് അംബരീഷായിരുന്നു മാണ്ഡ്യയിലെ എം.പി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായിരുന്ന ജെ.ഡി-എസിന് മാണ്ഡ്യ സീറ്റ് കോൺഗ്രസ് വിട്ടുനൽകിയിരുന്നു. ഭർത്താവ് മത്സരിച്ചിരുന്ന മാണ്ഡ്യയിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ സുമലത സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. ബി.ജെ.പി പരസ്യമായി അവരെ പിന്തുണച്ചപ്പോൾ മാണ്ഡ്യയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും സുമലതക്കായി പ്രചാരണത്തിനിറങ്ങി. എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത എം.പിയാകുന്നത്. ഇപ്പോൾ മകനും യുവനടനുമായ അഭിഷേക് അംബരീഷിനെ സംസ്ഥാന രാഷ്ട്രീയത്തിലിറക്കുന്നതിനു മുന്നോടിയായാണ് സുമലത ബി.ജെ.പിയിൽ ചേരുന്നതെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.