ജയ്പൂർ: പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി തൂപ്പുജോലിയിൽനിന്ന് സബ് കലക്ടർ പദവി കൈയെത്തിപ്പിടിച്ചിരിക്കുകയാണ് രാജസ്ഥാനിലെ 'ആനി ശിവ'യായ ആശ കന്ദാര. 2002ൽ ഭർത്താവ് ഉപേക്ഷിച്ച് പോയതിന് പിന്നാലെ രണ്ടു കുട്ടികളെ വളർത്തുകയും സംസ്ഥാനത്തെ ഉന്നത പദവിയേക്കുള്ള പരീക്ഷക്കായി പഠിക്കുകയും ജീവിതത്തോട് പടവെട്ടുകയുമായിരുന്നു ആശ.
കുടുംബം മുന്നോട്ടുകൊണ്ടുപോകാനായി നാരാങ്ങാവെള്ളം വിറ്റ് ജീവിച്ച നാട്ടിൽ പൊലീസുകാരിയായി ചുമതലയേറ്റെടുത്ത ആനി ശിവയുടെ ജീവിതത്തിന് സമാനമാണ് ആശയുടേതും.
ഭർത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷമായിരുന്നു രാജസ്ഥാനിലെ ജോധ്പുർ സ്വദേശിയായ ആശയുടെ ബിരുദ പഠനം. 2016ൽ അവർ ബിരുദം പൂർത്തിയാക്കി. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പരീക്ഷയായിരുന്നു ആശയുടെ ലക്ഷ്യം. 2018ൽ ആശ പരീക്ഷ എഴുതി.
അതിനുശേഷമാണ് മുനിസിപ്പൽ കോർപറേഷനിലെ തൂപ്പുകാരിയായി ജോലിക്ക് കയറുന്നത്. ഫലം വരാൻ കാത്തിരിക്കാനുള്ള സാഹചര്യം അന്ന് ആശക്കുണ്ടായിരുന്നില്ല. മറ്റു വരുമാന മാർഗങ്ങളില്ലാത്തതിനാൽ തൂപ്പുജോലിക്ക് കയറി.
കോവിഡ് വില്ലനായതോടെ 2018ലെ പ്രിലിമിനറി പരീക്ഷ ഫലം ഒക്ടോബറിൽ പ്രസിദ്ധീകരിച്ചെങ്കിലും 2021 ജൂലൈ 14നാണ് മെയിൻ പരീക്ഷഫലം പ്രഖ്യാപിച്ചത്. ആശ മെറിറ്റ് പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു.
ആർ.എ.എസ് പട്ടികയിൽ ഇടംപിടിച്ചതോടെ സന്തോഷത്തിന് അതിരുകളില്ലെന്നായിരുന്നു ആശയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.