ടെക്കിയുടെ ആത്മഹത്യ: കുട്ടിയെ ജാമ്യത്തിനുള്ള ഉപകരണമായി ഉപയോഗിക്കരുതെന്ന് അഭിഭാഷകൻ

ബംഗളൂരു: ​ഐ.ടി വിദഗ്ധൻ അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയക്ക് ജാമ്യം ലഭിക്കാൻ കുട്ടിയെ ഉപയോഗിക്കരുതെന്ന് അഭിഭാഷകൻ ആകാശ് ജിൻഡാൽ പറഞ്ഞു. അതുലിന്റെ ഭാര്യ നികിത സിംഘാനിയയുടെ ജാമ്യാപേക്ഷ ജനുവരി നാലിന് ബെംഗളൂരു കോടതി പരിഗണിക്കും.

തിങ്കളാഴ്ചയാണ് നികിത കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. അതുൽ സുഭാഷിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ നികിതയുടെ പൂർണ കസ്റ്റഡിക്ക് വേണ്ടി വാദിച്ചു. കുട്ടിയെ കണ്ടെത്താൻ ഉത്തർപ്രദേശ്, കർണാടക, ഹരിയാന സംസ്ഥാനങ്ങളിലെ അധികാരികളോട് കോടതി നിർദേശിച്ചു.

അതുൽ സുഭാഷിന്റെ പിതാവ് പവൻ കുമാർ മോദി കുട്ടിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു. നികിതക്ക് ജാമ്യം അനുവദിച്ചാൽ അവർ കുട്ടിയെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

കുട്ടിയെ പരിപാലിക്കാനെന്ന വ്യാജേന വലിയ തുക ആവശ്യപ്പെട്ട് നികിത പെരുമാറിയതായും 20,000 മുതൽ 40,000 രൂപ വരെ ആവശ്യപ്പെട്ടതായും പിന്നീട് അത് 80,000 രൂപയാക്കി ഉയർത്തിയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതുൽ സുഭാഷിൻ്റെ സഹോദരൻ ബികാസ് കുമാർ പൊലീസ് അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി.

ബംഗളൂരുവിലെ ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അതുൽ സുഭാഷ് ഡിസംബർ ഒമ്പതിന് ഭാര്യ നികിത സിംഘാനിയയും കുടുംബവും വിവാഹമോചനത്തിന് മൂന്ന് കോടി രൂപ നൽകണമെന്ന് നിർബന്ധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നികിത, അവരുടെ അമ്മ, സഹോദരൻ എന്നിവരെ പൊലീസ് അറസ്റ്റുചെയ്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.