ബംഗളൂരു: ഖനനരാജാവ് ജി. ജനാർദന റെഡ്ഡി വീണ്ടും ബി.ജെ.പിയിൽ എത്തുമോ? റെഡ്ഡി പാർട്ടിയിൽ തിരിച്ചെത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു. ഇക്കാര്യം മറ്റ് പാർട്ടിവൃത്തങ്ങളും ശരിവെക്കുന്നു. എന്നാൽ, കേൾക്കുന്നതൊക്കെ അഭ്യൂഹം മാത്രമാണെന്നും മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വെക്കില്ലെന്നും കൂട്ടിലാണെങ്കിലും കടുവ കടുവ തന്നെയാണെന്നും തെരെഞ്ഞടുപ്പിൽ എല്ലാവർക്കും ഷോക്ക് നൽകുമെന്നും റെഡ്ഡി പ്രതികരിച്ചു.
കർണാടകയിൽ ഓപറേഷൻ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതിൽ പ്രധാന പങ്കുവഹിച്ച വിവാദ ഖനനരാജാവും മുൻ മന്ത്രിയുമാണ് ജി. ജനാർദനൻ റെഡ്ഡി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അദ്ദേഹം ‘കല്യാണ രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി)’ എന്ന പേരിൽ പുതിയ പാർട്ടിയും രൂപവത്കരിച്ചിരുന്നു. കൊപ്പാൽ ജില്ലയിലെ ഗംഗാവതി മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്നും അറിയിച്ചിരുന്നു.ഏറെ കാലമായി ബി.ജെ.പി നേതാക്കളും റെഡ്ഡിയും തമ്മിൽ ഭിന്നത രൂക്ഷമാണ്. സഹസ്ര കോടികളുടെ അഴിമതി നടന്ന അനധികൃത ഖനന കേസിൽ കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്ത് അറസ്റ്റിലായ റെഡ്ഡി നാലു വർഷം ജയിലിൽ ആയിരുന്നു.
സംസ്ഥാനത്തിന്റെ വടക്കൻ മേഖലയായ കല്യാണ കർണാടകയിൽ ബി.ജെ.പി വേരുറപ്പിച്ചത് റെഡ്ഡിയുടെ തണലിലാണ്. പുതിയ പാർട്ടിയുമായുള്ള റെഡ്ഡിയുടെ കടന്നുവരവ് വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കും.ഇതിനിടയിലാണ് റെഡ്ഡി വീണ്ടും ബി.ജെ.പിയിൽ എത്തുമെന്ന പ്രചാരണം ശക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.